വിഴിഞ്ഞത്ത് നടക്കുന്നത് സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരായ യുദ്ധമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം ആരോപിച്ചത്. വിഴിഞ്ഞത്ത് നടക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നമാണ്. സമരക്കാര്‍ക്ക് സ്വന്തം നിയമമാണ്. പ്രതിഷേധങ്ങളുടെ പേരില്‍ വലിയ നാശനഷ്ടങ്ങളാണ് സമരക്കാര്‍ ഉണ്ടാക്കിയത്. പോലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
അതേസമയം, വിഴിഞ്ഞത്ത് 5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
അതിനിടെ, വിഴിഞ്ഞത്ത് ഇന്നലെ നടന്ന സംഘര്‍ഷത്തെ കുറിച്ചും ഹൈക്കോടതി പരാമര്‍ശം നടത്തി. സംഘര്‍ഷത്തില്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തിൽ പൊതുമുതലിനുണ്ടായ നാശനഷ്ടം നികത്താൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരം സമരക്കാരിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പൊതുമുതലിനുണ്ടായ നാശനഷ്ടം എങ്ങനെ പരിഹരിക്കുമെന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ ഹൈക്കോടതിയിൽ മറുപടി നൽകിയത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വീകരിച്ചതും തുടരുന്നതുമായ നടപടികളും സർക്കാർ വെളളിയാഴ്ച കോടതിയെ അറിയിക്കണം.