KERALA

'പബ്ലിസിറ്റി ഇൻട്രസ്റ്റ് ലിറ്റിഗേഷൻസ് ജുഡീഷറിക്ക് ദോഷകരം'; ജഡ്ജിക്കെതിരെ ഹർജി നൽകിയ അഭിഭാഷകന് ഹൈക്കോടതിയുടെ വിമർശനം

നിയമകാര്യ ലേഖിക

കേസ് ലിസ്റ്റ് ചെയ്യുന്നതിൽ പൊതുമാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന് സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചിൽ ഒരു ദിവസം 20 കേസുകൾ മാത്രം പരിഗണിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ യശ്വന്ത് ഷേണായ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ രൂക്ഷ വിമർശനം.

ചില ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടിയായി മാറുന്നു. അഭിഭാഷകന്റേത് ജനപ്രീതിക്കും വാർത്താ പ്രാധാന്യത്തിനും വേണ്ടിയുള്ള ഹർജിയാണെന്നായിരുന്നു സിംഗിൾ ബെഞ്ച് നിരീക്ഷണം. “അഭിഭാഷകർ കോടതിയിലെ ഉദ്യോഗസ്ഥരാണ് , അവർ ജുഡീഷ്യറിയുടെ ഭാഗമാണ്. ഇത്തരം വ്യവഹാരങ്ങൾ അഭിഭാഷകർ ഫയൽ ചെയ്താൽ സൊസൈറ്റിക്ക് എന്ത് സന്ദേശമാണ് ലഭിക്കുകയെന്നും ഹർജിയെ വിമർശിച്ച് കോടതി ചോദിച്ചു. 21 വർഷത്തെ പ്രാക്ടീസ് ഉള്ള ഒരു അഭിഭാഷകനാണ് ഒരു ജഡ്ജിയെയും ചീഫ് ജസ്റ്റിസിനെയും കക്ഷിയാക്കി യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ ഉന്നയിച്ച് ഹർജി നൽകിയത്''

‘മാസ്റ്റർ ഓഫ് റോസ്റ്റർ എന്ന നിലയിൽ ചീഫ് ജസ്റ്റിസിന് മാത്രമേ കാര്യങ്ങളുടെ ലിസ്റ്റിംഗ് സംബന്ധിച്ച് രജിസ്ട്രിയെ നിയന്ത്രിക്കാൻ അധികാരമുള്ളൂവെന്നും ഒരു ജഡ്ജിക്കും അതിൽ ഇടപെടാനും ആ പട്ടിക വെട്ടിക്കുറയ്ക്കാൻ രജിസ്ട്രിയോട് നിർദ്ദേശിക്കാനും കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ ആരോപണം. കേസുകളുടെ ബാക്ക് ലോഗ് കണക്കിലെടുത്ത് കുറഞ്ഞത് 50 വിഷയങ്ങൾ ലിസ്റ്റ് ചെയ്യണമെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശമായ വ്യവഹാരക്കാർക്ക് വേഗത്തിൽ നീതി ഉറപ്പാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. കെട്ടിക്കിടക്കുന്ന കേസുകൾ വർധിക്കുമ്പോൾ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഹർജിക്കാരന്റെ വാദം.

ഹൈക്കോടതിയിലെ ഓരോ ജഡ്ജിയും തങ്ങളുടെ മുന്നിലുള്ള കേസുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയാൽ, സ്ഥാപനം സ്വാഭാവിക മരണമാകും. ഇതിനകം കെട്ടിക്കിടക്കുന്ന കേസുകൾ ജുഡീഷ്യറിയുടെ നട്ടെല്ല് തകർത്തുവെന്നുമായിരുന്നു ആരോപണം. ഹർജിക്കാരന്റേത് വിചിത്രമായ ആരോപണങ്ങളാണെന്ന് കോടതി ചൂണ്ടികാട്ടി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് മാസ്റ്റർ ഓഫ് റോസ്റ്ററിൽ തീരുമാനെടുക്കുന്നത്. കോടതിയുടെ ബെഞ്ചുകൾ രൂപീകരിക്കാനും കേസുകൾ അനുവദിക്കാനുമുള്ള അധികാരം അദ്ദേഹത്തിന് മാത്രമാണ്. വ്യക്തമായ കാരണങ്ങളില്ലാതെ കേരള ഹൈക്കോടതിയിൽ കേസുകൾ ലിസ്റ്റ് ചെയ്യേണ്ട രീതിയെക്കുറിച്ച് ചീഫ് ജസ്റ്റിസിന് ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ല.

ഹർജിക്കാരന്റേത് വിചിത്രമായ ആരോപണങ്ങളാണെന്ന് കോടതി

അന്തിമ വാദം കേൾക്കുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു ജഡ്ജിക്ക് എല്ലാ ദിവസവും നിരവധി കേസുകൾ പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടികാട്ടി. ചിലപ്പോൾ, ഒരു അപ്പീലിന്റെ വാദം കേൾക്കുന്നതിന് ദിവസം മുഴുവൻ എടുക്കാം. അതിനർത്ഥം ജഡ്ജി തന്റെ കർത്തവ്യം ചെയ്യുന്നില്ല എന്നല്ല.1971ലെ കേരള ഹൈക്കോടതിയുടെ ചട്ടത്തിലെ റൂൾ 92 പ്രകാരം ചീഫ് ജസ്റ്റിസ് റോസ്റ്റർ നിശ്ചയിച്ചുകഴിഞ്ഞാൽ, ബന്ധപ്പെട്ട ജഡ്ജിക്ക് ഏൽപ്പിച്ച കേസുകൾ പോസ്റ്റുചെയ്യുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയിൽ കേസുകളുടെ ദൈനം ദിന ലിസ്റ്റിങ്ങിന്‍റെ ചുമതല ജഡ്ജിമാർക്കല്ലെന്നും രജിസ്ട്രിക്കാണെന്നും രജിസ്ട്രാർ ജനറലും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിശദ വാദം ആവശ്യമുള്ള അപ്പീലുകൾ പരിഗണിക്കേണ്ടതുള്ളപ്പോൾ എണ്ണം പരിമിതപ്പെടുത്താറുണ്ട്. ഏറെ പഴക്കമുള്ള കേസുകൾക്ക് മുൻഗണന നൽകാറുമുണ്ടെന്ന് രജിസ്ട്രാർ ജനറൽ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു.

ഒരു സാധാരണ പൗരൻ ഇത്തരം കേസ് ഫയൽ ചെയ്താൽ, ഈ കോടതിയിലെ കേസുകളുടെ ലിസ്റ്റിംഗ് നടപടിക്രമം അയാൾക്ക് അറിയില്ലെന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ ജഡ്ജിക്കെതിരെ ആരോപണങ്ങളുമായി ഒരു അഭിഭാഷകൻ ഇത്തരത്തിലുള്ള കേസുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിലൂടെ , ഹർജിക്കാരൻ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്? ജഡ്ജിമാരും അഭിഭാഷകരും ജുഡീഷ്യറിയുടെ ഭാഗമാണ്. എന്തെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കിൽ, അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സൗകര്യമുണ്ട്.

ഹൈക്കോടതിയിൽ കേസുകളുടെ ദൈനം ദിന ലിസ്റ്റിങ്ങിന്‍റെ ചുമതല ജഡ്ജിമാർക്കല്ലെന്നും രജിസ്ട്രിക്കാണെന്നും രജിസ്ട്രാർ ജനറലും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ഹരജിക്കാരന് പിഴ ചുമത്താവുന്നതാണെന്നും കോടതി പറഞ്ഞു. കേസിന്‍റെ വാദത്തിനിടെ മോശമായി പെരുമാറിയെന്ന ജസ്റ്റിസ് മേരി ജോസഫിന്‍റെ റിപ്പോർട്ടിൻമേൽ യശ്വന്ത് ഷേണായിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ഇത്തരമൊരു സംഭവമുണ്ടായതായി അന്നു തന്നെ ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരം സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്