മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. എട്ടാം തീയതിയാണ് വോട്ടെണ്ണൽ. പുതുപ്പള്ളിക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കോട്ടയം ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 10-ാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 21-ാം തീയതിയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
പുതുപ്പള്ളിക്ക് പുറമെ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
1970 മുതൽ 12 തവണ ഉമ്മന്‍ ചാണ്ടി തുടർച്ചയായി വിജയിച്ചുവന്ന മണ്ഡലമാണ് പുതുപ്പള്ളി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക്ക് സി തോമസ് തന്നെ വരാനാണ് സാധ്യത. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെയ്ക്കിനെ 9,044 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടി തോൽപ്പിച്ചത്. 2016ലും ജെയ്ക് തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ എതിർ സ്ഥാനാർഥി.