KERALA

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സഹകരണ വകുപ്പ്

എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് തീരുമാനം

ദ ഫോർത്ത് - തിരുവനന്തപുരം

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാന്‍ തീരുമാനിച്ചതെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സഹകരണസംഘം രജിസ്ട്രാറാണ് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി അയ്യപ്പന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ബാങ്കിലെ വായ്പാ ക്രമക്കേടുകള്‍, ബാങ്കിന്റെ ആസ്തിബാധ്യതകള്‍, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകള്‍ക്കും രജിസ്ട്രാറുടെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2015-16 വര്‍ഷത്തിലെ വായ്പാ ഇടപാടുകളില്‍ ബിനാമി വായ്പകള്‍ ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് നേരത്തേ അന്വേഷണം നടത്തിയിരുന്നു. യുഡിഎഫ് ഭരണത്തിലുള്ള ബാങ്കിന്റെ നടപടികള്‍ പലതും നിയമ വിരുദ്ധമെന്നായിരുന്നു ആദ്യം പരിശോധ നടത്തിയ സംഘത്തിന്റെ കണ്ടത്തല്‍. ഇതിനിടെ, വായ്പ്പാ തട്ടിപ്പിനെത്തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി. പിന്നാലെ, ബാങ്കിലെ ഇടപാടുകളില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതികള്‍ കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനുള്ള സഹകരണ വകുപ്പിന്റെ തീരുമാനം.

തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകള്‍ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വായ്പ അനുവദിക്കല്‍, നിയമവിരുദ്ധമായി പ്രോപര്‍ട്ടി ഇന്‍സ്‌പെക്ഷന്‍ ഫീസ് കൈപ്പറ്റല്‍, ഈട് വസ്തുവിന്റെ അസ്സല്‍ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ആദ്യഘട്ട അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകള്‍ നല്‍കുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാജ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ഗുരുതര ക്രമക്കേടുകളും അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു കര്‍ഷകന്റെ ആത്മഹത്യയെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കി. അസിസ്റ്റന്റ് രജിസ്ട്രാര്‍ അരുണ്‍ വി സജികുമാര്‍, ആര്‍ രാജാറാം, ജ്യോതിഷ് കുമാര്‍ പി, ബബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ