KERALA

നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം; ഇത് എന്തുതരം വിചാരണയെന്ന് സുപ്രീം കോടതി

ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് ഓക, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജാമ്യവ്യവസ്ഥ ഒരാഴ്ചയ്ക്കകം വിചാരണക്കോടതി തീരുമാനിക്കണമെന്ന് സുപ്രീംകോടതി

ഏഴരവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം നല്‍കണമെന്നുമാണു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുനി ആവശ്യപ്പെട്ടത്. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.

സുനിക്കുവേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട് , സതീഷ് മോഹനന്‍ എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വരും ഹാജരായി. ഇത് എന്തുതരം വിചാരണയാണെന്നും ഇങ്ങനെപോയാല്‍ വിചാരണ ഉടനെങ്ങും അവസാനിക്കില്ലെന്നുമടക്കം രൂക്ഷ വിമര്‍ശനങ്ങളും സുപ്രീം കോടതിയില്‍നിന്ന് ഇന്നുണ്ടായി.

എന്തുകൊണ്ടാണ് വിചാരണ അവസാനിക്കാത്തതെന്ന ചോദ്യം ഉന്നയിച്ച കോടതി എങ്ങനെയാണ് വിചാരണ മുന്നോട്ട് പോകുന്നതെന്നും 90 ദിവസത്തിലധികം ഉദ്യോഗസ്ഥനെ വിസ്തരിച്ചോയെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. അന്തിമ വാദത്തിന് എത്ര ദിവസമെടുക്കുമെന്നും എന്തുകൊണ്ടാണ് വിചാരണ അവസാനിക്കാത്തതെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് എട്ടാംപ്രതിയുടെ അഭിഭാഷകന്‍ വിചാരണ നീട്ടുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.

നേരത്തേ, രണ്ടു തവണ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകില്ലെന്ന ധാരണ മുന്‍വിധിയോട് കൂടിയുള്ളതാണെന്ന് സുപ്രീംകോടതി അന്നു ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തവണ ജാമ്യം തള്ളവെ പറഞ്ഞതിനേക്കാള്‍ കൂടുതലൊന്നും ഇത്തവണ പറയാനില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്നു സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിക്കാതിരുന്നത്.

സുനിയുടെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹര്‍ജി നല്‍കിയത്. നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് ഷൂട്ടിങിനായി കൊച്ചിയിലേക്ക് വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ഫെബ്രുവരി 23ന് അറസ്റ്റിലായത് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി സുപ്രീംകോടതിയിലടക്കം നല്‍കിയ ജാമ്യ ഹര്‍ജികള്‍ തള്ളിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം