ഒടുവിൽ ഒ സി മടങ്ങുകയാണ്. തന്റെ കുഴിമാടത്തിൽ സങ്കട ഹർജിയുമായി വരുന്നവരുടെ കാര്യം ശരിയാക്കാൻ കർത്താവിനോട് പറയാനെന്ന പോലെ, സെന്റ് ജോർജ് വലിയ പള്ളിയുടെ കിഴക്ക് മദ്ബഹായ്ക്ക് തൊട്ട് പുറകിലെ കല്ലറയിലേക്ക് വേഗത്തിലൊരു പോക്ക്. പുതുപ്പള്ളി പുണ്യാളനായിരുന്നു കുഞ്ഞൂഞ്ഞിന്റ മനഃസാക്ഷി സൂക്ഷിപ്പുകാരൻ. അവിടെ നിന്ന് കിട്ടിയ ഊർജം കൊണ്ട് ജങ്ങളുടെ സഹദായാകാൻ ഉമ്മൻ ചാണ്ടിക്കായി. അങ്ങനെ പുതുപ്പള്ളിക്ക് ഇനി രണ്ട് സഹദമാരുണ്ടാകും. വലിയ പള്ളിയിലെ താഴെ കുരിശടിയിൽ തിരി കത്തിച്ച് സങ്കടം പറയാൻ വരും പോലെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിലും ആളുകൾ വരും.
കല്ലറയിൽ ചുമ്മാതിരിക്കാൻ കുഞ്ഞൂഞ്ഞിന് കഴിയുമോ? ഇല്ലെന്നായിരിക്കും ഉത്തരം. ഇത്തവണത്തേ വരവിലും സ്നേഹത്തോടെ കാത്ത് നിന്ന് ഏല്പിച്ചവരുടെ കത്തുകൾ വായിക്കണം. കൊച്ചു ഡയറിയിൽ കുനു കുനെ കുറിക്കണം. അവസാനമിട്ട കുപ്പായത്തിലൊരു പിന്നൽ പരതിയിട്ടുണ്ടാകും. കണ്ണ് തുറന്നൊന്നു നോക്കാൻ തൊണ്ട പൊട്ടി വിളിക്കുന്ന പ്രിയപ്പെട്ടവരെ നോക്കി സ്വത സിദ്ധമായി 'ഏഹ്' എന്ന് ചോദിച്ചു തല ഉയർത്തി നോക്കിയിട്ടുണ്ടാകണം. കല്ലറ പടി വരെയും തിക്കി തിരക്കി തോളോട് തോൾ ചേർന്ന് നിന്നവർ തിരികെ പോയല്ലോ എന്നോർത്തു നെടുവീർപ്പിട്ടുണ്ടാകും. പിതാവിന്റെ സ്നേഹം നൽകി, മക്കളെ പോലെ കൊണ്ട് നടന്നവർ അരികെ വന്നു കരഞ്ഞപ്പോൾ ഓ.. എന്നാത്തിനാ ഈ കരയുന്നെ... ചുമ്മാ കരയല്ലേ പിള്ളേരെ എന്നാകും പറഞ്ഞിട്ടുണ്ടാകുക.
ആൾക്കൂട്ടത്തെ അത്രമേൽ ലഹരിയാക്കിയ, ആ ശ്വാസത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടി യഥാർഥത്തിൽ നമ്മളോട് യാത്ര പറഞ്ഞിട്ടുണ്ടാകുക ആ പള്ളി മുറ്റത്ത് വെച്ചായിരിക്കും. കാരണം ഇക്കഴിഞ്ഞ രണ്ട് രാവും മൂന്ന് പകലും ആൾക്കൂട്ടത്തിന്റെ സ്നേഹത്തിൽ, കണ്ണീരിൽ, നെടു വീർപ്പുകളിൽ കാത്തിരിപ്പിൽ ദീർഘ നിശ്വാസങ്ങളിൽ ഒ സി മാത്രമായിരുന്നു. അതെ വെള്ളക്കാലിൽ കുഞ്ഞൂഞ്ഞ് കൈ വെള്ളയിലെന്ന പോലെ തെളിഞ്ഞു കിടക്കുന്ന പുതുപ്പള്ളിയെ ഒറ്റക്കാക്കി പോകുകയാണ്. പള്ളിക്ക് പടിഞ്ഞാറ് വെള്ളം കെട്ടിയ പാടത്തേക്ക് സൂര്യൻ മറയുന്നത് പോലെ ഈ രാത്രി ഉമ്മൻ ചാണ്ടി മറഞ്ഞു. പക്ഷെ നാളെ കാലത്ത് കിഴക്ക് വെള്ള കീറുമ്പോൾ കുഞ്ഞൂഞ്ഞ് ചിരിച്ച് കൊണ്ട് പള്ളിക്ക് പുറകിൽ നിൽപുണ്ടാകും. സങ്കടവുമായി വരുന്നവരെ കാണാൻ, ആശ്വസിപ്പിക്കാൻ.