പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് തെളിയുമ്പോള്‍ പ്രധാന വിഷയം ഉമ്മന്‍ ചാണ്ടി തന്നെയെന്ന സൂചനകള്‍ നല്‍കി മുന്നണികള്‍. ഉമ്മന്‍ ചാണ്ടിയുടെ ജനസ്വീകാര്യത വീണ്ടും വോട്ടാക്കി മാറ്റാന്‍ യുഡിഎഫ് തന്ത്രം മെനയുമ്പോള്‍ അതേവിഷയം ഉയര്‍ത്തി പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് ശ്രമം എന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.
മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ പുതുപള്ളിയില്‍ കൈവരിക്കാനായ മുന്നേറ്റത്തിലാണ് എല്‍ഡിഎഫിന്റെ ആദ്യ പ്രതീക്ഷ. ഇതിനൊപ്പം ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാ വിവാദം കൂടി പ്രചാരണ വിഷയമാക്കുകയാണ് ഇടതുപക്ഷം. സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനില്‍കുമാറാണ് ചികിത്സാ വിവാദം വീണ്ടും ഉയര്‍ത്തിയത്.
തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും വലിച്ചിഴയ്ക്കുന്ന രീതിയെ നിയമപരമായി നേരിടുന്ന പരോക്ഷ മുന്നറിയിപ്പ് ഇടതുപക്ഷം നല്‍കിയിട്ടുണ്ട്
ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കുന്ന നിലയില്‍ കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ട് നയിക്കുന്നതിനിടെ ചികിത്സാ വിവാദം കൊണ്ട് സാഹചര്യം മറികടക്കാനാണ് എല്‍ഡിഎഫ് ശ്രമം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പാക്കിയത്. ഇത്തരം ഒരു സാഹചര്യം ഒരുക്കിയതില്‍ പ്രതിപക്ഷ നേതാവിന് കൂടി പങ്കുണ്ടെന്നും അഡ്വക്കേറ്റ് അനില്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളത്തെ അനുശോചന യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാന്‍ മത നേതൃത്വത്തോട് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അനില്‍ കുമാറിന്റെ പ്രതികരണം.
ഇതിനൊപ്പം, തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും വലിച്ചിഴയ്ക്കുന്ന രീതിയെ നിയമപരമായി നേരിടുന്ന പരോക്ഷ മുന്നറിയിപ്പും ഇടതുപക്ഷം നല്‍കുന്നു. തിരഞ്ഞെടുപ്പില്‍ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്ന് തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിര്‍ദേശം നിലവിലുണ്ട്. എറണാകുളത്തെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഇതിന് വിരുദ്ധമാണ്. ഇതിന് സമാനമാണ് പുണ്യവാള രാഷ്ട്രീയം ഉയര്‍ത്തി ചാണ്ടി ഉമ്മന്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണമെന്നും കെ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
അനില്‍കുമാറിന്റെ പോസ്റ്റ് പൂര്‍ണരൂപം-
വിഡിസതീശന്റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ?
ബഹു: പ്രതിപക്ഷ നേതാവേ,
അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താങ്കള്‍ അദ്ദേഹത്തോടുള്ള മുന്‍ നിലപാട് മാറ്റുന്നതായി കണ്ടു.
ഉമ്മന്‍ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാന്‍ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തില്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്നു് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിന്റെ വിധിയില്‍ കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്നു് ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ടു്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോള്‍ ''നിങ്ങള്‍ പള്ളിയിലേക്ക് വരൂ ,അവിടെ മറ്റു ചാനലുകള്‍ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം' എന്ന് ചാണ്ടി ഉമ്മന്‍ മറുപടി പറയുന്നത് കണ്ടു.
ആരാധനാലയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാന്‍ ചാണ്ടി ഉമ്മന്‍ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിന്റെ വഴിയില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു് തെരഞ്ഞെടുപ്പില്‍ അയോഗ്യത നല്‍കിക്കഴിഞ്ഞു.
അതിനാല്‍ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു.
താങ്കള്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള 'സ്‌നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതില്‍ ഉത്തരവാദിത്തം താങ്കള്‍ കൂടി പങ്കിടേണ്ടതല്ലേ.
പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി ജെ പി ക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാല്‍ വീണ്ടും പറയട്ടെ.
പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.
അഡ്വ.' കെ.അനില്‍കുമാര്‍.