KERALA

പുതുപ്പളളി: വോട്ടെടുപ്പ് സമയം അവസാനിച്ചു; പല ബുത്തുകളിലും നീണ്ട നിര, സമയം നീട്ടണമെന്ന് ചാണ്ടി ഉമ്മന്‍

വൈകിട്ട് ആറുവരെയാണ് വോട്ടിങ് സമയം

ദ ഫോർത്ത് - കോട്ടയം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോള്‍ മണ്ഡലത്തില്‍ കനത്ത പോളിങ്. മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം പോളിങ് എഴുപത് ശതമാനം പിന്നിട്ടു. മുൻകാല പോളിങ് ചരിത്രങ്ങളെ മാറ്റിയെഴുതുന്ന തരത്തിലുളള ആവേശത്തിലാണ് മണ്ഡ‍ലത്തിലെ എട്ട് പഞ്ചായത്തുകളിലും പോളിങ് പുരോ​ഗമിക്കുന്നത്. പലബുത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയും നിലവിലുണ്ട്. പോളിംഗിനായി നീണ്ട ക്യൂവുള്ള 32 ബൂത്തുകളിൽ കൂടുതൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

നിലവിൽ ഇതുവരെ 1.24 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത് . (70.77 ശതമാനം). ഈ ഘട്ടത്തിൽ മണ്ഡലത്തിലെ പോളിങ് 80 ശതമാനത്തോട് അടുക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മഴ കനത്തിട്ടും പുതുപ്പളളിക്കാർ പോളിങ് ബൂത്തിലേക്ക് എത്താൻ മടികാണിച്ചില്ല. അരനൂറ്റാണ്ട് കാലം പുതുപ്പളളിയെ നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെതുടർന്നുളള ഉപതിരഞ്ഞെടുപ്പിൽ പുതുപ്പളളിയെ ഇനി ആര് നയിക്കണമെന്നത് സംബന്ധിച്ച് പുതുപ്പളളിക്കാർക്ക് വ്യക്തമായ ബോധ്യമുണ്ടെന്നാണ് പോളിങ് നിരക്കുകൾ സൂചിപ്പിക്കുന്നത്. അതിനിടെ, വോട്ടെടുപ്പ് മന്ദഗതിയിലാണ് എന്ന് യുഡിഎഫ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടിയ പോളിംഗ് നടന്ന ബൂത്തുകൾ

  • 78 ബൂത്ത് - ജിഎച്ച്എസ്എസ് അരീപ്പറമ്പ് - 77.83%

  • 153 ബൂത്ത് സിഎംഎസ് എല്‍പിഎസ് - 77.81%

  • 56 ബൂത്ത് - എന്‍എസ്എസ് കരയോഗം മടപ്പാട് - 77.59

  • 126. ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ - 76.46 (ഉമ്മന്‍ ചാണ്ടി വോട്ടറായിരുന്ന ബുത്ത്)

ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനം പിന്നിട്ടിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ നാല് ശതമാനം കുടുതലായിരുന്നു പോളിങ്. പുതുപ്പളളി, മണാർക്കാട്, അയർക്കുന്നം, പാമ്പാടി മേഖലകളിൽ പതിനൊന്നരയോടെ മഴ കനത്തുവെങ്കിലും അരമണിക്കൂറോടെ മഴ ഒഴിഞ്ഞതും ആളുകൾ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയ്ക്കാണ് മണ്ഡജലം സാക്ഷ്യംവഹിച്ചത്.

1970 മുതല്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മണ്ഡലം വിശ്വസിച്ചത് ഉമ്മന്‍ ചാണ്ടിയെയാണ്. മാറി മാറി വന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും പുതുപ്പള്ളിക്കാര്‍ അദ്ദേഹത്തെ കൈവിട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തിനു വേണ്ടി പുതുപ്പള്ളിയിലെ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങിയത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പു വേളകളിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് 2016-ലും 2021-ലുമാണ്. രാഷ്ട്രീയ ആരോപണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി ഏറെ വിമര്‍ശനം നേരിട്ട ഈ കാലഘട്ടങ്ങളില്‍ നടന്ന രണ്ടു തിരഞ്ഞെടുപ്പിലും പോളിങ് ശതമാനം 75 കടന്നിരുന്നു.

ആകെ 1.75 ലക്ഷം വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. 2016-ല്‍ 77.36 ശതമാനമായിരുന്നു പോളിങ്ങെങ്കില്‍ ഉമ്മൻ ചാണ്ടി അവസാനമായി ജനവിധി തേടിയ 2021ൽ അത് 0.02 ശതമാനമുയര്‍ന്ന് 77.36 ആയി. പിണറായി വിജയൻ സർക്കാർ രണ്ടാംതവണ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. സർക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴും ഉമ്മൻ ചാണ്ടിയെന്ന ഘടകമാകും വോട്ടെടുപ്പിൽ പ്രതിഫലിക്കുക എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

എട്ട് പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ 107568 പേരാണ് വോട്ട് ചെയ്തിരിക്കുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടിങ് സമയം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം