പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണ്. സര്‍ക്കാരിന് എതിരായ ഭരണവിരുദ്ധ തരംഗവും പ്രതിഫലിച്ചു. പിണറായി വിജയനെ എങ്ങനെ എങ്കിലും പാഠം പഠിപ്പിക്കണമെന്ന ചിന്തയാണ് ജനങ്ങളില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണിക്ക് ലഭിച്ചതിന്റെ ഇരട്ടിയോളം വോട്ട് ചാണ്ടി ഉമ്മന് ലഭിച്ചു
വലിയ തകര്‍ച്ചയാണ് ഇടത് മുന്നണിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടത് മുന്നണിക്ക് ലഭിച്ചതിന്റെ ഇരട്ടിയോളം വോട്ട് ചാണ്ടി ഉമ്മന് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ടതില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി വോട്ട് യുഡിഎഫിന് കിട്ടി എന്ന എം വി ഗോവിന്ദന്റെ ആരോപണത്തിനും സുരേന്ദ്രന്‍ മറുപടി നല്‍കി. സിപിഎം പാര്‍ട്ടി സെക്രട്ടറി പറയുന്നത് സര്‍ക്കസ് കോമാളികള്‍ പറയുന്നതിലും വലിയ തമാശയെന്ന് പരിഹസിച്ച അദ്ദേഹം വിഡ്ഢിത്തം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇടത് മുന്നണിയുടെ പെട്ടിയില്‍ നിന്നുപോയ വോട്ടിന്റെ കണക്ക് അന്വേഷിക്കാതെ ബിജെപിയുടെ വോട്ട് കുറഞ്ഞത് അന്വേഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാടാണ് വാസവനും ഗോവിന്ദനും ഉള്ളത്. തിരഞ്ഞെടുപ്പ് ഏകോപനത്തില്‍ പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ബിജെപിക്ക് വോട്ട് കുറഞ്ഞില്‍ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിഗണയില്‍ വരുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.