KERALA

അന്‍വര്‍ ഇനിയെന്ത് പറയും, നിലമ്പൂരില്‍ ഇന്ന് പൊതുയോഗം; പ്രതിരോധം ശക്തമാക്കി സിപിഎം

പൊതുയോഗത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നിലമ്പൂരില്‍ പോലീസ് ഒരുക്കിയിരുന്നത്

വെബ് ഡെസ്ക്

കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച വിവാദങ്ങള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്. നിലമ്പൂര്‍ ടൗണില്‍ ചന്തക്കുന്ന് നിശ്ചയിച്ചിരിക്കുന്ന പൊതുയോഗം തന്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് പി വി അന്‍വറിന്റെ ശ്രമം. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന നല്‍കിയ അന്‍വര്‍ ഇക്കാര്യത്തില്‍ ഉള്‍പ്പെടെ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഇന്ന് വ്യക്തമായേക്കും.

അതിനിടെ, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി വി അന്‍വറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. എംഎല്‍എയുടെ വീട്ടില്‍ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പെടുത്തി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍ ഒതായിയിലെ വീടിന് മുന്നില്‍ പിക്കറ്റ് പോസ്റ്റ് ആരംഭിച്ച് സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. പൊതുയോഗത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നിലമ്പൂരിലും പോലീസ് ഒരുക്കിയിരുന്നത്.

അന്‍വര്‍ തുടങ്ങിവച്ച വിവാദങ്ങള്‍ തള്ളി സിപിഎം രംഗത്തെത്തുകയും പി വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്ന എം വി ഗോവിന്ദന്റെ ആഹ്വാനത്തിനും പിന്നാലെ വലിയ പ്രതിഷേധമാണ് പാര്‍ട്ടി തലത്തില്‍ കോഴിക്കോടും മലപ്പുറത്തും ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത ഇല്ലാതാക്കാനാണ് നിലമ്പൂരില്‍ ഉള്‍പ്പെടെ പോലീസ് സുരക്ഷ ശക്തമാക്കുന്നത്. അതേസമയം മാമി തിരോധാനത്തില്‍ കോഴിക്കോടും പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്‍ഡിഎഫിന് പുറത്തുപോയതോടെ തനിക്ക് അതിരുകള്‍ നഷ്ടപ്പെട്ടു എന്ന് ഇതിനോടകം പ്രതികരിച്ച അന്‍വര്‍ ഇനി ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്ക് എതിരെ ഉള്‍പ്പെടെ കടുത്ത ആരോപണങ്ങള്‍ അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആര്‍എസ്എസുകാരന്‍ ആണെന്നായിരുന്നു ഇന്നലെ അന്‍വര്‍ ഉന്നയിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുത്തതിന് ജില്ലാ സെക്രട്ടറി താക്കിത് ചെയ്‌തെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ഇന്ന് നടക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം സൂചന നല്‍കിയ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ പ്രതികരണം ശക്തമാക്കുകയാണ് സിപിഎം നേതൃത്വം.

പി വി അന്‍വറിന് തീവ്ര വര്‍ഗീയ കക്ഷികളുടെ പിന്തുണ നേടിയാണ് അന്‍വര്‍ സംസാരിക്കുന്നതെന്നാണ് ആരോപണങ്ങള്‍ക്ക് സിപിഎം നല്‍കുന്ന മറുപടി. തീവ്ര വര്‍ഗീയ കക്ഷികള്‍ എഴുതി നല്‍കുന്നതാണ് അന്‍വര്‍ വായിക്കുന്നത്. മുസ്ലീങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയാണ് അന്‍വറിന്റെ ഉദ്ദേശ്യം. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കയ്യേറ്റം ചെയ്‌തെന്നുള്‍പ്പെടെ അന്‍വര്‍ പറഞ്ഞത് കെട്ടുകഥയാണ് എന്നും മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ വിശദീകരിക്കുന്നു.

അതേസമയം, അന്‍വറിനെ പിന്തുണയ്ച്ചും വിമര്‍ശിച്ചും പ്രാദേശിക തലത്തില്‍ ഫ്‌ളക്‌സ് യുദ്ധങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം പ്രകടനങ്ങള്‍ നടത്തിയ പലയിടങ്ങളിലും അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക സിപിഎം പ്രവര്‍ത്തരുടെ പിന്തുണയും തനിക്കുണ്ടെന്ന അന്‍വറിന്റെ അവകാശവാദം നിലനില്‍ക്കെയാണ് ഇത്തരം പ്രതികരണങ്ങള്‍ പുറത്തുവരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ