KERALA

പ്രതിപക്ഷത്തിന്റെ അഭിവാദ്യം, മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഇന്നും വെല്ലുവിളി; നിയമസഭയില്‍ പി വി അന്‍വറിന് പുതിയ ഇന്നിങ്‌സ്

പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയില്‍ എകെഎം അഷറഫിന് അരികെയാണ് അന്‍വറിന് സീറ്റ് അനുവദിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

സര്‍ക്കാരിനെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് എല്‍ഡിഎഫ് മുന്നണിയ്ക്ക് പുറത്തായ പി വി അന്‍വറിന് നിയമസഭയില്‍ പുതിയ ഇന്നിങ്‌സ്. പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് അന്‍വര്‍ മാറിയ സാഹചര്യത്തില്‍ സഭാ നടപടികളുടെ ഭാഗമാകുന്നത്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് അന്‍വര്‍ സഭയില്‍ എത്തിയത്. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയില്‍ എകെഎം അഷറഫിന് അരികെയാണ് അന്‍വറിന് സീറ്റ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അന്‍വര്‍ ഇരുന്ന സീറ്റ് പി വി ശ്രീനിജന്‍ എംഎല്‍എയ്ക്ക് അനുവദിച്ചു.

തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും

സഭയിലെത്തിയ അന്‍വറിനെ കയ്യടികളോടെയായിരുന്നു പ്രതിപക്ഷ നിര സ്വീകരിച്ചത്. നജീപ് കാന്തപുരം, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി എന്നിവര്‍ അന്‍വറിന് ഹസ്തദാനം നല്‍കാനും തയ്യാറായി. സഭയിലേക്ക് പ്രവേശിക്കും മുന്‍പ് ഡിഎംകെ ഷാള്‍ അണിഞ്ഞായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ സഭയ്ക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ അന്‍വറിന്റെ പക്കല്‍ ചുവന്ന തോര്‍ത്തായിരുന്നു പക്കല്‍. തൊഴിലാളി വര്‍ഗത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന ഷാള്‍ അണിയുന്നത് എന്നാണ് ഇതിന് അന്‍വറിന്റെ പ്രതികരണം.

അതിനിടെ, സഭാ പ്രവേശനത്തിന് മുന്‍പ് മാധ്യമങ്ങളെ കണ്ട അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കാനും തയ്യാറായി. 'മുങ്ങാന്‍ പോകുന്ന കപ്പല്‍ എന്നാണ് സര്‍ക്കാരിനെ ഇത്തവണ അന്‍വര്‍ വിശേഷിപ്പിച്ചത്. കപ്പല്‍ മുങ്ങിയാലും കപ്പിത്താനും കുടുംബവും മാത്രം രക്ഷപ്പെടും. മകളെയും മരുമകനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. തനിക്ക് ശേഷം പ്രളയമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ അമേരിക്കയില്‍ പോകും, മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസം ആക്കുമെന്നും അന്‍വര്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണരെ കാണേണ്ടിവന്നത്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഇപ്പോഴത്തെ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ ജയിലില്‍ അടച്ചേക്കാം. എന്നെങ്കിലും തെളിവുകള്‍ എല്ലാം പുറത്തുവരുമെന്നും അന്‍വര്‍ പ്രതികരിച്ചു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം