KERALA

'എന്റെ പരാതിയില്‍ അന്വേഷണം തൃപ്തികരമല്ല, പാര്‍ട്ടി വിശ്വാസം കാത്തില്ല'; സിപിഎമ്മിനെ വെല്ലുവിളിച്ച് പരസ്യപ്രസ്താവനയുമായി പിവി അന്‍വര്‍

അന്വേഷണം അട്ടിമറിക്കാനും തന്നെ പ്രതിയാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് താന്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

വെബ് ഡെസ്ക്

താന്‍ ഉന്നയിച്ച പരാതികളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പോലീസ് അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. പരാതി ഉന്നയിച്ച തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തന്റെ പിന്നാലെ പോലീസുണ്ടെന്നും ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.

പാര്‍ട്ടിയുടെ അഭ്യര്‍ഥന മാനിച്ച് താന്‍ പരസ്യപ്രസ്താവന നിര്‍ത്തിയതാണെന്നും എന്നാല്‍ അന്വേഷണം അട്ടിമറിക്കാനും തന്നെ പ്രതിയാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് താന്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും അറസ്റ്റിലാകും മുമ്പ് പൊതുസമൂഹത്തിനു മുന്നില്‍ തന്റെ ഉദ്ദേശശുദ്ധിയും നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

''എസ്പി ഓഫീസിലെ മരംമുറി കേസ്, എടവണ്ണ റിദാന്‍ വധക്കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവയിലാണ് ഞാന്‍ പ്രധാനമായും പരാതി ഉന്നയിച്ചത്. എന്നാല്‍ ഇതിലൊന്നും അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നത്. എടവണ്ണക്കേസിലെ തെളിവുകള്‍ പരിശോധിക്കാന്‍ പോലും പോലീസ് തയാറാകുന്നില്ല. ഞാന്‍ നല്‍കിയ പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകും എന്നു പാര്‍ട്ടി നല്‍കിയ ഉറപ്പ് പോലും ലംഘിക്കപ്പെടുകയാണ്''- അന്‍വര്‍ ആരോപിച്ചു.

തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും അത് തിരുത്തുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ തെറ്റ് തിരുത്താന്‍ പാര്‍ട്ടി തയാറായില്ലെന്നും അന്‍വര്‍ പറഞ്ഞു.

''മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കുന്ന ആളാണ് ഞാന്‍ എന്ന ധ്വനിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല.പാര്‍ട്ടിയും അതു തിരുത്തിയില്ല. എന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എന്നാല്‍ പാര്‍ട്ടി വിശ്വാസം കാത്തില്ല. നൊട്ടോറിയസ് ക്രിമിനലായ എഡിജിപി എം ആര്‍ അജിത്കുമാര്‍ പറയുന്നപോലെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്,'' അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി നേതാക്കന്മാര്‍ക്കു പോലും ഒരു ജനകീയ പ്രശ്‌നവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലേക്കു പോകാനാകാത്ത സ്ഥിതിയണ് ഇപ്പോള്‍ കേരളത്തിലെന്നും അതിനു കാരണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും അന്‍വര്‍ ആരോപിച്ചു. ''പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞു പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല. അജിത്കുമാര്‍ എഴുതികൊടുക്കുന്നത് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇനി ഹൈക്കോടതിയിലാണ് എന്റെ പ്രതീക്ഷ. ഉടന്‍ കോടതിയെ സമീപിക്കും''- അന്‍വര്‍ പറഞ്ഞു.

പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നല്‍കിയ താക്കീത് ലംഘിച്ചാണ് ഇന്ന് അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതോടെ ഈ വിഷയത്തില്‍ ഒട്ടുംതന്നെ പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയാണ് അന്‍വര്‍.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍