KERALA

പി വി അന്‍വറും എഡിജിപിയും പരാതിക്കാര്‍, അന്വേഷിക്കുന്നത് പോലീസിനെതിരായ ആരോപണങ്ങള്‍; 'പുഴുക്കുത്തുകള്‍' തുടച്ചുനീക്കാൻ ഇതുമതിയാകുമോ?

വെബ് ഡെസ്ക്

എഡിജിപി എം ആര്‍ അജിത് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വന്‍ തുടങ്ങിവച്ച വിവാദത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. നിലവില്‍ പത്തനംതിട്ട എസ് പിയായിരുന്ന എസ് സുജിത് ദാസിന്റെ സ്ഥലം മാറ്റത്തില്‍ എത്തിനില്‍ക്കുന്ന നടപടികള്‍ അത്രപെട്ടെന്ന് അവസാനിക്കില്ലെന്നാണ് വിലയിരുത്തല്‍.

വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ നടത്തിയ തിരക്കിട്ട നീക്കത്തിന്റെ ഭാഗമാണെന്നും വാദങ്ങളുണ്ട്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ സുജിത് ദാസിനെ പത്തനംതിട്ട എസ് പി സ്ഥാനത്ത് നിന്നും നീക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ഈ നടപടിയില്‍ സേനയ്ക്കുള്ളില്‍ തന്നെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണക്കടത്തുകാരുമായി പി സുജിത് ദാസിന് ബന്ധമുണ്ടെന്ന പിവി അന്‍വറിന്റെ ആരോപണത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണത്തിന്

പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ചും വിമര്‍ശനങ്ങളുണ്ട്. പി വി അന്‍വന്‍ സെപ്തംബര്‍ 23 ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തമല്ലെന്നാണ് പ്രധാന ആരോപണം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എഡിജിപിക്കെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതില്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അജിത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നതും അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ എഡിജിപിയുടെ കീഴുദ്യോഗസ്ഥരാണെന്നതുമാണ് അതൃപ്തിക്ക് കാരണം. ഡിജിപിയെക്കൂടാതെ സൗത്ത് സോണ്‍ ഐജിയും തിരുവനന്തപുരം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പര്‍ജന്‍ കുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്, ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍, എസ്എസ്പി ഇന്റലിജിന്‍സ് എസ്പി എ ഷാനവാസ് എന്നിവരടങ്ങുന്നതാണ് സംഘം.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്വര്‍ണക്കടത്തുകാരുമായി പി സുജിത് ദാസിന് ബന്ധമുണ്ടെന്ന പിവി അന്‍വറിന്റെ ആരോപണത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുന്‍പ് കസ്റ്റംസില്‍ പ്രവര്‍ത്തിച്ചിരുന്ന സുജിത് ദാസ് ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തി വിമാനത്താവളത്തിന് പുറത്തുവച്ച് കള്ളക്കടത്തുകാരെ പിടികൂടുകയും സ്വര്‍ണത്തിന്റെ വലിയൊരു പങ്ക് വെട്ടിപ്പ് നടത്തിയെന്നുമായിരുന്നു പി വി അന്‍വറിന്റെ ആരോപണം. ഈ വിഷയം വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ് എന്നാണ് റിപ്പോര്‍ട്ട്. സുജിത് ദാസ് മലപ്പുറം എസ്പിയിയായിരിക്കെ നൂറിലധികം സ്വര്‍ണക്കടത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിനിടെ, വിവാദങ്ങള്‍ക്ക് ശേഷം പി വി അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഉച്ചയോടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും