മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിനെയും സിപിഎമ്മിനെയും തിരുത്താന്‍ കച്ചകെട്ടിയിറങ്ങിയ പി വി അന്‍വര്‍ പോരാട്ടത്തിന്റെ പാതിയില്‍ ഒറ്റപ്പെടുന്നു. മുഖ്യമന്ത്രി തന്നെ പലവട്ടം എടുത്തുപറഞ്ഞ പോലീസ് സേനയിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ച അന്‍വറിന് ഒടുവില്‍ തണലുകള്‍ എല്ലാം നഷ്ടപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴച നടത്തിയ വാര്‍ത്താസമ്മേളനത്തോടെ എല്ലാ സംരക്ഷണങ്ങളും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് പി വി അന്‍വര്‍ എത്തിനില്‍ക്കുകയാണ്.
പി വി അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ് എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ എന്ന നിലയിലേക്ക് സിപിഎം എംഎല്‍എയുടെ പോരാട്ടം അവഗണിക്കപ്പെടും എന്ന സൂചനകൂടിയാണ് പുറത്തുവരുന്നത്. പഴയ കോണ്‍ഗ്രസുകാരന്‍ എന്ന ആക്ഷേപത്തെ ഇഎംഎസിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള പി വി അന്‍വറിന്റെ ശ്രമവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞെന്ന് കരുതി താന്‍ തളരില്ല, താന്‍ തീയില്‍ കുരുത്തതാണ് എന്നും അന്‍വര്‍ പറഞ്ഞുവയ്ക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ക്ക് മറുപടി പറഞ്ഞ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം പിവി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും ഏറെ പ്രാധാന്യമുള്ളതാണ്. 'നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്' എന്നാണ് കുറിപ്പിലെ ഉള്ളടക്കം. ''തന്റെ പോരാട്ടങ്ങള്‍ക്ക് കയ്യടി പ്രതീക്ഷിക്കുന്നില്ല, ഇവിടെയൊക്കെ തന്നെ കാണും'' എന്ന് അന്‍വര്‍ പറഞ്ഞുവയ്ക്കുമ്പോള്‍ ഇനിയുള്ള പോരാട്ടത്തില്‍ താന്‍ തനിച്ച് തന്നെയാണ് എന്ന സൂചനകൂടിയാണ് നല്‍കുന്നത്.
''സി പി ഐ എം പി വി അന്‍വര്‍ എന്ന എന്നെ, ഞാന്‍ ആക്കി മാറ്റിയ പ്രസ്ഥാനം..'' എന്നായിരുന്നു സെപ്തംബര്‍ ഒന്നിന് നിലമ്പൂര്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. പാര്‍ട്ടി അംഗത്വമില്ല. പക്ഷേ, സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഒരാളായി ഈ ഞാനുമുണ്ട്. മരണം വരെ ഈ ചെങ്കൊടി തണലില്‍ തന്നെ ഉണ്ടാകും.. എന്നും കുറിപ്പ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള സംരക്ഷണം പോലും അന്‍വറിന് ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് മുന്‍ കോണ്‍ഗ്രസുകാരന്‍ എന്ന പരാമര്‍ശത്തോടെ മുഖ്യമന്ത്രി തന്നെ നല്‍കുന്നത്. ഇനി ഒരേ ഒരു ചോദ്യം മാത്രമാണ് ബാക്കി. അന്‍വര്‍ പറഞ്ഞ ചെങ്കൊടി തണല്‍ എത്രകാലം ഉണ്ടാകും എന്ന് മാത്രമാണത്. പാര്‍ട്ടിയും മുഖ്യമന്ത്രിയും തള്ളിപ്പറയുമ്പോഴും ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് മുഖ്യമന്ത്രിക്ക് തൊട്ടുതാഴെ നടക്കുന്നത് തികഞ്ഞ അധാര്‍മിക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നാണ് അന്‍വര്‍ ഏറ്റവും ഒടുവില്‍ പറഞ്ഞുവയ്ക്കുന്നത്.