KERALA

പിവി അന്‍വര്‍-എംവി ഗോവിന്ദന്‍ കൂടിക്കാഴ്ച ഇന്ന്; പി ശശിക്കെതിരേ തെളിവുകള്‍ കൈമാറുമോ?

പോലീസില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും അന്‍വര്‍ വ്യക്തമാക്കി

വെബ് ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി പിവി അന്‍വറിന്റെ കൂടിക്കാഴ്ച ഇന്നു രാവിലെ. കൂടിക്കാഴ്ചയില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളുടെ വ്യക്തമായ തെളിവുകള്‍ കൈമാറുമെന്ന് അന്‍വര്‍ അറിയിച്ചു. ഇതില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ രേഖകളും ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഉത്കണ്ഠ.

കേരളാ പോലീസിനെതിരേയും എഡിജിപി എംആര്‍ അജിത് കുമാറിനെതതിരേയും ശശിക്കെതിരേയും പരസ്യമായി ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകള്‍ പാര്‍ട്ടി സെക്രട്ടറിക്ക് കൈമാറാനാണ് കൂടിക്കാഴ്ചയെന്നാണ് ഇന്നലെ എംഎല്‍എ മാധ്യമങ്ങളോടു പറഞ്ഞത്. ശശിക്കെതിരായ പരാതി എഴുതി നല്‍കുമെന്നും പോലീസില്‍ നടക്കുന്ന ക്രമക്കേടുകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ ആവശ്യപ്പെടുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അജിത് കുമാറിനെതിരേയും ശശിക്കെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു അന്‍വര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. ഇരുവര്‍ക്കുമെതിരായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം അന്‍വര്‍ നിലപാട് മയപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഇത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. അന്‍വറിനെ പാര്‍ട്ടി 'ചാക്കിലാക്കി' എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. തന്റെ വായ് മൂടിക്കെട്ടിയെന്ന ആരോപണം വന്നതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരില്‍ക്കണ്ട് തെളിവുകള്‍ കൈമാറുമെന്ന് അന്‍വര്‍ മാധ്യമങ്ങളെ അറിയിച്ചത്.

ഇന്നലെ എംവി ഗോവിന്ദന്‍ തലസ്ഥാനത്ത് ഇല്ലാതിരുന്നതു കാരണമാണാ് കാണാന്‍ കഴിയാഞ്ഞതെന്നും ഇന്നു രാവിലെ നേരില്‍ക്കാണുമെന്നും പറയാനുള്ളതു മുഴുവന്‍ രേഖാസഹിതം പാര്‍ട്ടി സെക്രട്ടറിയെ അറിയിക്കുമെന്നും പോലീസില്‍ ഒരു വിഭാഗം നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വവും അറിയട്ടെയെന്നുമാണ് അന്‍വര്‍ പ്രതികരിച്ചത്.

അന്‍വറിന്റെ ആരോപണങ്ങളെ പിന്തുണച്ച് മറ്റൊരു സിപിഎം എംല്‍എയായ കെ ടി ജലീല്‍ രംഗത്തു വന്നിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുറിപ്പിലൂടെയാണ് ജലീല്‍ നയം വ്യക്തമാക്കിയത്. ഇനി മത്സരരംഗത്തേക്കില്ലെന്നും മരണം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും അറിയിച്ച ജലീല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും പറഞ്ഞു.

അതിനിടെ അന്‍വറിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് എഡിജിപിക്കെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാകും അന്വേഷണം നടത്തുക. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെ നടത്തുന്ന അന്വേഷണം വെറും പ്രഹസനമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി