ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാന്റെ ഭാഗമായി പാലക്കാട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ഏറെ അഭിമാനമുള്ള കാര്യമാണ്. എന്നാൽ ബഹിരാകാശത്തേക്ക് പറക്കാനുള്ള അവസരം ആദ്യമായി ലഭിക്കുന്ന മലയാളിയല്ല പ്രശാന്ത് നായർ. അത് തിരുവനന്തപുരം വഴുതക്കാട് സ്വദേശി ആർ രാധാകൃഷ്‌ണൻ ആണ്. നാസയിൽ നിന്നാണ് അദ്ദേഹത്തിന് ആ അവസരം ലഭിക്കുന്നത്. അതും 38 വർഷങ്ങൾക്ക് മുൻപ്. പക്ഷെ ഏറ്റവും അടുത്തെത്തിയിട്ടും ആ ദൗത്യത്തിന്റെ ഭാഗമാകാൻ അദ്ദേഹത്തിനായില്ല.
400 പേരിൽ നിന്നാണ് രാധാകൃഷ്ണനെയും ബെംഗളൂരു സ്വദേശിയായ എൻസി ഭട്ടിനെയും നാസ തിരഞ്ഞെടുത്തത്. നിരവധി ശാരീരിക- മാനസിക പരിശീലനങ്ങളിലൂടെയാണ് ഇരുവരും കടന്ന് പോയത്. ഒടുവിൽ യാത്രക്കായി ഒരുങ്ങി 1986 ജനുവരി മാസത്തിൽ ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിൽ എത്തി. യാത്ര പ്ലാൻ ചെയ്തിരുന്നത് സെപ്റ്റംബർ മാസത്തിൽ ആയിരുന്നു. കഷ്ടിച്ച് എട്ട് മാസം കൂടി ബാക്കി. ആ വർഷം ജനുവരി 8 നാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച ആ സംഭവം നടക്കുന്നത്.
ഫ്ലോറിഡയിലെ കേപ് കനാവെറൽ തീരത്ത് നിന്ന് പറന്നുയർന്ന അമേരിക്കയുടെ ചലഞ്ചർ സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചു. വിക്ഷേപണം നടത്തി 73 സെക്കൻഡുകൾക്കുള്ളിലാണ് അപകടം ഉണ്ടായത്. 7 പേർ ആ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു. രാധാകൃഷ്‌ണൻ അമേരിക്കയിൽ നിന്ന് ടിവിയിൽ തത്സമയം ആ അപകടം കണ്ടിരുന്നു. അമേരിക്കയുടെ അഭിമാനത്തിന് വളരെ ക്ഷതമേല്പിച്ച സംഭവം ആയിരുന്നു അത്. ഒടുവിൽ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചു. അന്വേഷണവും അനുബന്ധ നടപടികളും നാല് വർഷം നീണ്ടു പോയി. അത്രയും വർഷത്തേക്ക് പുതിയ ദൗത്യങ്ങൾ നിർത്തി വെച്ചു.
പിന്നീട് പദ്ധതികൾ പുനരാരംഭിക്കുമ്പോഴേക്കും അമേരിക്കയുടെ പല പോളിസികളിലും മാറ്റം വന്നിരുന്നു. അത് പ്രകാരം ഉപാധികളോടെ അല്ലാതെ അമേരിക്കക്കാരല്ലാത്ത, മറ്റ് രാജ്യക്കാരെ ഇത്തരം ദൗത്യങ്ങളിൽ ഉൾപ്പെടുത്തില്ല എന്ന് തീരുമാനിച്ചു. അങ്ങനെയാണ് രാധാകൃഷ്ണന് ആ അവസരം നഷ്ടമാകുന്നത്.
ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു സുവർണാവസരം നഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം അതേക്കുറിച്ച് പറയുക. " ഒരു സ്വപ്നം പോലെ വന്നു. ഉറക്കം കഴിയുമ്പോൾ സ്വപനം പോവില്ലേ, അത് പോലെ കൊതിപ്പിച്ച് പോയി," അദ്ദേഹം ദി ഫോർത്തിനോട് പറയുന്നു. ഒപ്പം പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് എല്ലാ ഭാവുകങ്ങളും നേരുകയാണ് അദ്ദേഹം.