ആര്‍ ശ്രീലേഖ ഐപിഎസ്  
KERALA

ഔദ്യോഗിക വാഹന ദുരുപയോഗം മുതല്‍ ദിലീപ് കേസ് വരെ; ആര്‍ ശ്രീലേഖയും വിവാദങ്ങളും

സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് മേധാവിയാകാനുള്ള സാധ്യത പോലും വിവാദങ്ങള്‍ ഇല്ലാതാക്കി

വെബ് ഡെസ്ക്

കേരളത്തിലെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ, സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി, അങ്ങനെ കേരളത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തിയാണ് ആര്‍ ശ്രീലേഖ. പക്ഷെ സേനയ്ക്കകത്തും പുറത്തും ശ്രീലേഖയുണ്ടാക്കിയ വിവാദങ്ങള്‍ ഈ നേട്ടങ്ങളുടെ നിറം കുറക്കുന്നതായിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് മേധാവിയാകാനുള്ള സാധ്യത പോലും ഇല്ലാതാക്കിയത് ഈ വിവാദങ്ങളാണ് .

ചട്ടവിരുദ്ധമായ സ്ഥലം മാറ്റത്തിലൂടെ സാമ്പത്തിക ലാഭം, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, സ്‌കൂള്‍ വാഹനങ്ങളുടെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, റോഡ് സുരക്ഷാഫണ്ട് ഉപയോഗിച്ച് വീട്ടിലേക്കുള്ള റോഡില്‍ ടൈല്‍ പതിക്കല്‍, ഔദ്യോഗിക വാഹന ദുരുപയോഗം തുടങ്ങി ഒമ്പത് ആരോപണങ്ങളാണ് ശ്രീലേഖയ്ക്കെതിരെ ഉയര്‍ന്നത്.

ജയില്‍ ഡിജിപിയായപ്പോഴും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. കീഴുദ്യോഗസ്ഥര്‍ അസമയത്തും മറ്റും നിസാരകാര്യങ്ങള്‍ക്കായി ഔദ്യോഗിക മൊബൈല്‍ ഫോണില്‍ വിളിക്കരുതെന്നും, ലംഘിച്ചാല്‍ വച്ചുപൊറുപ്പിക്കില്ലെന്നുള്ള ശ്രീലേഖയുടെ സര്‍ക്കുലറില്‍ സേനയില്‍ അമര്‍ഷം പുകഞ്ഞു. സര്‍ക്കുലര്‍ വന്‍ വിവാദമായി. പക്ഷെ തിരുത്താന്‍ തയാറായില്ലെന്ന് മാത്രമല്ല ഇതേ വിഷയത്തില്‍ മൂന്ന് സര്‍ക്കുലര്‍ വരെ ഇറക്കി. നിസ്സാര കാര്യങ്ങള്‍ക്ക് ഡിജിപിയെ വിളിച്ച ചില ഉദ്യോഗസ്ഥരെ ജയില്‍ പരിശീലന കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുക പോലും ചെയ്തു. (ഋഷിരാജ് സിങിന്റെ കാലത്താണ് പിന്നീട് ഈ സര്‍ക്കുലര്‍ തിരുത്തിയത് )

ജയില്‍ വകുപ്പിനോട് ആഭ്യന്തരവകുപ്പിന് ചിറ്റമ്മനയമാണെന്ന ശ്രീലേഖയുടെ പരാമര്‍ശം ഉണ്ടാക്കിയ വിവാദവും ചെറുതായിരുന്നില്ല . വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയില്ല. പലതവണ ഡിജിപിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി പോലും ലഭിച്ചില്ലെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.

ആര്‍ ശ്രീലേഖ ഐപിഎസ്
ജയില്‍ വകുപ്പിനോട് ആഭ്യന്തരവകുപ്പിന് ചിറ്റമ്മനയമാണെന്ന ശ്രീലേഖയുടെ പരാമര്‍ശം ഉണ്ടാക്കിയ വിവാദവും ചെറുതായിരുന്നില്ല

ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാല്‍ ഡിവൈഎസ്പി, ഇന്‍സ്പെക്ടര്‍, എസ് ഐ റാങ്കുകളിലെല്ലാം സ്ത്രീകളെ കൊണ്ടു വരുമെന്ന് പറഞ്ഞ ശ്രീലേഖ പിന്നെയും വിവാദത്തില്‍ പെട്ടു. സ്ത്രീകളുടെ പരാതിയില്‍ അന്വേഷണം നടത്താനും ഇടപെടാനും വനിതാ പോലീസ് ഓഫിസര്‍മാര്‍ക്ക് സാധിക്കൂവെന്നും നിലവില്‍ സ്ത്രീ കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ പോകാനും പ്രകടനം നടത്തുമ്പോള്‍ സ്ത്രീകളെ നിയന്ത്രിക്കാനും മാത്രമേ പോലീസ് ഉള്ളൂവെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞത്.

ജയില്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറിയ ശേഷം ആ ചുമതലയിലേക്ക് വന്ന ഋഷിരാജ് സിങ്ങിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റും വിവാദം ക്ഷണിച്ചുവരുത്തി. തന്റെ കാലത്ത് ജയില്‍ വകുപ്പില്‍ എല്ലാം മികച്ച രീതിയിലായിരുന്നെന്നും എന്നാല്‍ താന്‍ മാറിയ ശേഷം ലഹരി കേന്ദ്രമായി മാറുന്നെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട ചടങ്ങില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതികരിച്ചതും വിവാദത്തിനിടയാക്കി. കുത്തിയോട്ട വഴിപാട് കുട്ടികള്‍ക്ക് ജയിലറയില്‍ ഇടുന്നതിന് തുല്ല്യമാണെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ ക്ഷേത്രം ട്രസ്റ്റും ഹിന്ദുസംഘടനകളും രംഗത്തെത്തി. സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതെങ്കിലും നടപടിയൊന്നുമുണ്ടായില്ല

ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് നടന്‍ ദിലീപിന് ചില സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നായിരുന്നു മറ്റൊരു തുറന്നുപറച്ചില്‍.

വിരമിച്ച ശേഷമുണ്ടാക്കിയ വിവാദങ്ങള്‍

സര്‍വീസില്‍ നിന്ന് വിരമിച്ച ആദ്യ നാളുകളില്‍ മാധ്യമങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും അകന്നു നടന്ന ആര്‍ ശ്രീലേഖ മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ ലൈംഗികമായി പോലും ദുരുപയോഗം ചെയ്യുന്നു എന്ന ഗുരുതര ആരോപണമാണ് ആ ഘട്ടത്തില്‍ ശ്രീലേഖ ഉന്നയിച്ചത്. താന്‍ ഇടപെട്ട് പലരെയും അത്തരം അനുഭവങ്ങളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞുവച്ചു. അതെ അഭിമുഖത്തില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ചില വെളിപ്പെടുത്തല്‍ നടത്തി അവര്‍. ജയില്‍ ഡിജിപി ആയിരുന്ന കാലത്ത് ജയിലില്‍ ദിലീപിന് ചില സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നായിരുന്നു തുറന്നുപറച്ചില്‍.

''വെറും തറയില്‍ മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരിയാക്കാന്‍ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി'' ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകള്‍.

സംസ്ഥാനത്തെ മുന്‍ ഡിജിപിയായിരുന്നിട്ടും താന്‍ നല്‍കിയ പരാതി പോലീസ് കാര്യമായി പരിഗണിച്ചില്ലെന്ന് ആരോപിച്ച് മ്യൂസിയം പോലീസിനെതിരെ രംഗത്തെത്തിയതടക്കം പിന്നീടും സേനയ്ക്കെതിരെ ശ്രീലേഖ രംഗത്തെത്തി. ഇക്കൂട്ടത്തില്‍ ഏറ്റവും അവസാനത്തേതാണ് ദിലീപ് കേസില്‍ യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തല്‍.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി