കോട്ടണ്‍ഹില്‍ സ്‌കൂള്‍ 
KERALA

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതിയില്‍ ദുരുദ്ദേശ്യമെന്ന് ഡി.ഡി.ഇ റിപ്പോര്‍ട്ട്

സഹപാഠികള്‍ തമ്മിലെ ചെറിയ പ്രശ്‌നങ്ങള്‍ വലുതാക്കി കാണിക്കാന്‍ പരാതിക്കാര്‍ ശ്രമിച്ചു

വെബ് ഡെസ്ക്

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയായെന്ന പരാതിയില്‍ ദുരുദ്ദേശമെന്ന് ഡി. ഡി. ഇയുടെ റിപ്പോര്‍ട്ട്. അധ്യാപകര്‍ വിഷയം പറഞ്ഞ് തീര്‍ത്തതിന് ശേഷമാണ് റാഗിങ് പരാതി ഉയര്‍ന്നു വന്നത്. ഇത് പ്രചരിപ്പിച്ചതിന് പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന് ഡി.ഡി.ഇ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റാഗിങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സഹപാഠികള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ഇത് പിടിവലിക്കും കാരണമായി. പിന്നീട് പരാതിയായി അധ്യാപകര്‍ക്ക് മുന്നില്‍ എത്തുകയും പരിഹരിക്കുകയും ചെയ്തതാണ്.

പരാതിക്കാരിയായ ഒരാളുടെ മകളുടെ പേരിലും നേരത്തേ പിടിവലികള്‍ ഉണ്ടായിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ഇവരടക്കമുള്ളവരാണ് വിഷയം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത്. ഇതില്‍ ഗൂഢാലോചന നടന്നോ എന്ന കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിലവില്‍ മാനേജിങ് കമ്മറ്റി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്നും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതിയില്‍ രക്ഷിതാക്കളുടെ പ്രതിഷേധം
സംഭവങ്ങളൊക്കെയും കേട്ടുകേള്‍വി മാത്രമാണ് എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

സ്‌കൂളില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു എന്നതടക്കമുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. സ്‌കൂളിന് സമീപത്ത് ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ച സിഗരറ്റ് പോലുള്ള വസ്തുക്കളാണ് സ്ഥലത്ത് നിന്നും ലഭിച്ചത്. മറ്റ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. പ്രചാരണം വ്യാജമാണെന്നും അതുകൊണ്ട് തന്നെ ഇതില്‍ ബോധപൂര്‍വമായ പ്രചാരണം ഉണ്ടായോ എന്നുള്ളതില്‍ വിപുലമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

5, 6 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കോട്ടണ്‍ ഹില്‍ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. കൈഞരമ്പ് മുറിക്കും, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടും എന്നീ കാര്യങ്ങള്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി കുട്ടികള്‍ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കണ്ട പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ഡി.ഇയ്ക്ക് നിര്‍ദേശം നല്‍കിയത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് വിശദമായ അന്വേഷണം നടത്തി. രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ കുട്ടികളോടൊപ്പം സ്‌കൂള്‍ അധികൃതര്‍ ക്ലാസുകള്‍ കയറിയിറങ്ങി ഉപദ്രവിച്ച കുട്ടികളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയും, സ്‌കൂള്‍ കോമ്പൗണ്ടിലുള്ള എല്ലാ ഭാഗത്തും വിശദമായ പരിശോധന നടത്തുകയും സംശയം തോന്നിയ എല്ലാ കുട്ടികളോടും സംസാരിക്കുകയും ചെയ്തു. അന്നേ ദിവസം ഹയര്‍സെക്കന്ററി വിഭാഗത്തിലെ രണ്ടു കുട്ടികള്‍ കളര്‍ ഡ്രസില്‍ എത്തിയിട്ടുള്ളതായി കണ്ടെത്തിയെങ്കിലും ഇവരല്ല സംഭവത്തിന് പിന്നിലെന്ന് ഉപദ്രവമേറ്റ കുട്ടികള്‍ തിരിച്ചറിഞ്ഞെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

കഴിയാവുന്ന ഇടങ്ങളിലെല്ലാം സ്‌കൂളില്‍ സിസിടിവി സ്ഥാപിക്കണം. കുട്ടികള്‍ കൂടുന്നയിടങ്ങളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടാകണം.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുന്നുവെന്ന് അധ്യാപകരോ കുട്ടികളോ മൊഴി നല്‍കിയിട്ടില്ല. സംഭവങ്ങളൊക്കെയും കേട്ടുകേള്‍വി മാത്രമാണ് എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ചില നിര്‍ദേശങ്ങളും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടിലുണ്ട്

  • കഴിയാവുന്ന ഇടങ്ങളിലെല്ലാം സ്‌കൂളില്‍ സിസിടിവി സ്ഥാപിക്കണം

  • കുട്ടികള്‍ കൂടുന്നയിടങ്ങളില്‍ പ്രത്യേകിച്ചും ഇടവേളകളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടാകണം

  • പ്രധാന കവാടങ്ങളിലും മറ്റ് കവാടങ്ങളിലും കുട്ടികള്‍ സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ അധ്യാപകര്‍ ഉണ്ടാകണം

  • സ്‌കൂള്‍ പ്രവേശന സമയത്തിനു മുമ്പ് തന്നെ അധ്യാപകര്‍ ഉണ്ടാകണം

  • തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികളെ സ്‌കൂളില്‍ കയറ്റരുത്

  • അധ്യാപകര്‍ ഉറപ്പുവരുത്തിയ ശേഷമേ അത്തരത്തിലുള്ളവരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാവൂ

  • ജന്മദിനങ്ങളില്‍ യൂണിഫോം ഇല്ലാതെ കുട്ടികള്‍ എത്തുന്നത് പതിവാണ്, എന്നാല്‍ അത് ഇനി തുടരാന്‍ അനുവദിക്കരുത്.

  • സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നത് കര്‍ശനമാക്കണം

  • അധ്യാപകരുടെ നിരീക്ഷണം കൂടുതല്‍ വിപുലമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ