മുഖ്യമന്ത്രി പിണറായി വിജയനെയും ബിജെപിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്രമിക്കുന്നതിന് പകരം കേരള മുഖ്യമന്ത്രി ആക്രമിക്കുന്നത് തന്നെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിയാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. കോഴിക്കോട് വച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു രാഹുലിന്റെ പ്രതികരണം.
'ബിജെപിയെ ആശയപരമായി ആക്രമിക്കുമ്പോള്‍ അവര്‍ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇ ഡി ചോദ്യം ചെയ്തു. എന്റെ എംപി സ്ഥാനം ഇല്ലാതാക്കി. വീട് തിരിച്ചെടുത്തു. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ കേരള മുഖ്യമന്ത്രിക്കെതിരെ തിരിയാത്തത്? എന്തുകൊണ്ടാണ് ബിജെപിയെയും മോദിയെയും ആക്രമിക്കുന്നതിന് പകരം കേരള മുഖ്യമന്ത്രി എപ്പോഴും എനിക്കെതിരെ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്'', രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടാണ് രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയെന്നും ആരൊക്കെ പണം കൊടുത്തു എന്നത് പുറത്തുവരാതിരിക്കാന്‍ ബിജെപി ആവുന്നതും ശ്രമിച്ചുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ''ഇലക്ടറല്‍ ബോണ്ടുകള്‍ സുതാര്യത കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി പറയുന്നു, എന്നാല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറയുന്നു.
ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടായി വന്‍തുകകള്‍ നല്‍കിയവര്‍ക്ക് പ്രധാന കരാറുകള്‍ ലഭിച്ചു. ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ പ്രധാനമന്ത്രി ഡിസൈന്‍ ചെയ്ത കൊള്ളയാണ് ഇലക്ടറല്‍ ബോണ്ട്'', രാഹുല്‍ പറഞ്ഞു. ബിജെപിക്കെതിരെ താന്‍ മുഴുവന്‍ സമയവും ആശയപരമായ പോരാട്ടത്തിലാണെന്നും രാഹുല്‍ വ്യക്തമാക്കി.
കേരളം ഒരു സംസ്ഥാനം മാത്രമല്ലെന്നും ഒരു സംസ്‌കാരമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തെവിടെയും എല്ലാ മേഖലയിലും മലയാളികളെ കാണാന്‍ കഴിയുമെന്നും സ്‌നേഹത്തിന്റെ ഒരു നൂല്‍ കൊണ്ട് കേരളം കോര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വെറുപ്പിന്റെ ആശയം കൊണ്ട് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ കേരളം അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനദ്രവ്യത്തിന് വേണ്ടി കേരളം ഒറ്റക്കെട്ടായി നിന്ന് ശ്രമിച്ചതിനെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു. ''റഹീമിന്റെ മോചനത്തിനായി കേരളം മുഴുവന്‍ കൈകോര്‍ത്തു. മതം നോക്കിയല്ല കേരളം റഹീമിന് വേണ്ടി ഒരുമിച്ചത്. വെറുപ്പിന്റെ ആശയത്തിനുള്ള മറുപടിയാണ് ഇത്. ഇതാണ് കേരളം ലോകത്തെ പഠിപ്പിക്കുന്നത്. കേരളത്തില്‍ എവിടെ ചെന്നാലും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു'', രാഹുല്‍ ഗാന്ധി വ്യക്തമാക്കി.