KERALA

'കുടുംബത്തിലേക്ക് മടങ്ങി വന്നു, വേര്‍പിരിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല'; രാഹുല്‍ വയനാട്ടില്‍ തുടരുന്നു

പ്രതിസന്ധി കാലത്ത് കൂടെ നിന്നതിന് വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു

ദ ഫോർത്ത് - കോഴിക്കോട്

എം പി സ്ഥാനം പുനഃസ്ഥാപിച്ചതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുലിന് ഉജ്ജ്വല സ്വീകരണമാണ് കെപിസിസി ഒരുക്കിയത്. കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മണിപ്പൂര്‍ സന്ദര്‍ശനത്തിലെ നടുക്കുന്ന കാഴ്ചകള്‍ എടുത്തുപറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം.

18 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ എവിടെയും കാണാത്തതാണ് മണിപ്പൂരില്‍ കണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കലാപത്തിനിരകളായ മണിപ്പൂരിലെ സ്ത്രീകളുമായി സംസാരിച്ച അനുഭവങ്ങള്‍ വിവരിച്ചു. കൊലയും രക്തവും ബലാത്സംഗവും മാത്രമാണ് മണിപ്പൂരിലെങ്ങുമെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂരില്‍ ജനങ്ങള്‍ക്കിടില്‍ സമ്പൂര്‍ണ വിഭജനമുണ്ടായിരിക്കുന്നു. ബിജെപിയാണ് ഈ വിഭജനമുണ്ടാക്കിയതെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ പ്രസംഗത്തില്‍ ഉയര്‍ത്തിയത്. പാര്‍ലമെന്റില്‍ മണിപ്പൂര്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ പ്രധാനമന്ത്രി രണ്ടര മണിക്കൂര്‍ സംസാരിച്ചു. തമാശ പറയുകയും ചിരിക്കുകയും ചെയ്തു. രണ്ടര മണിക്കൂറില്‍ രണ്ട് മിനുട്ട് മാത്രമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യ എന്ന ആശയം ജനങ്ങള്‍ക്കിടയിലെ സമാധാനമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മണിപ്പൂരില്‍ ബിജെപി ഇന്ത്യ എന്ന ആശയത്തെ കൊല്ലുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്യുന്നൊരാള്‍ ദേശീയ വാദിയല്ല. ഭാരതമാതാവിന്റെ ഹത്യയാണ് മണിപ്പൂരില്‍ നടന്നത്. ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കിയിട്ട് പ്രധാനമന്ത്രി ചിരിക്കുകയാണ്. എങ്ങനെയാണ് ഇതിന് കഴിയുന്നതെന്ന് രാഹുല്‍ ചോദിച്ചു. എത്ര കാലമെടുത്താലും മണിപ്പൂരിലേക്ക് സമാധാനം തിരികെക്കൊണ്ടുവരുമെന്നും മനുഷ്യര്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രതിസന്ധി കാലത്ത് കൂടെ നിന്നതിന് വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണെന്നും കുടുംബത്തെ വേര്‍പിരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിന് അനുവദിക്കുകയില്ലെന്നും രാഹുല്‍ പറഞ്ഞു. തന്നെ കുടുംബത്തില്‍ നിന്ന് പിരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. കുടുംബം എന്താണെന്ന് ബിജെപി മനസിലാക്കുന്നില്ല.

അയോഗ്യനാക്കാന്‍ ശ്രമിക്കുന്തോറും താനും വയനാടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയേയുള്ളൂവെന്ന് രാഹുല്‍ പറഞ്ഞു. എം പിയുടെ പ്രത്യേക ഭവന പദ്ധതിയായ കൈത്താങ്ങ് പദ്ധതി പ്രകാരം നിര്‍മിച്ച ഒൻപത് വീടുകളുടെ താക്കോല്‍ദാനവും രാഹുൽ നിര്‍വഹിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സിവേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും ചടങ്ങില്‍ സംസാരിച്ചു.

നാളെ 11 മണിക്ക് മാനന്തവാടി നല്ലൂര്‍നാട് അംബേദ്കർ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിന്റെ എച്ച് ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുല്‍ഗാന്ധി എം പി നിര്‍വഹിക്കും. വൈകിട്ട് ആറരയ്ക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും എം പി നിര്‍വഹിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ