KERALA

'എംപി എന്നത് പദവി മാത്രം, എന്നെ ഭയപ്പെടുത്താനാകില്ലെന്ന് ബിജെപിക്ക് ഇതുവരെ മനസിലായിട്ടില്ല': രാഹുല്‍ ഗാന്ധി

വയനാട്ടുകാർക്ക് മറ്റാരെക്കാളും രാഹുലിനെ അറിയാമെന്ന് പ്രിയങ്ക ഗാന്ധി

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചും വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞും കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. എംപി എന്ന പദവി മാത്രമാണ് ബിജെപിക്ക് ഇല്ലാതാക്കാൻ സാധിക്കൂക, തനിക്ക് വയനാടുമായുള്ള ബന്ധം തകർക്കാൻ ബിജെപിക്ക് ആകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടായിരുന്നു രാഹുല്‍ വയനാട്ടിലെത്തിയത്. സഹോദരിയും, എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പം വയനാട്ടിലെത്തിയിരുന്നു.

എംപി എന്നത് കേവലമൊരു പദവി മാത്രമാണ്. അത് ഇല്ലാതാക്കിയതുകൊണ്ട് താൻ വയനാട്ടിലെ പ്രതിനിധി അല്ലാതാകുന്നില്ല. തന്റെ ഉദ്യോഗിക വസതിയിൽ നിന്ന് തന്നെ മാറ്റാനും ജയിലിലടയ്ക്കാനും ചിലപ്പോൾ ബിജെപിക്ക് സാധിക്കും. എന്നാൽ, വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് തടയാൻ സാധിക്കില്ല. ജീവനുള്ള കാലം വരെ വയനാട്ടുകാരുടെ പ്രതിനിധായായി നിലകൊള്ളുമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് മുൻപിൽ വച്ച വിഷയങ്ങൾക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന് ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതാണ് രാഹുലിനെ നിരന്തരം വേട്ടയാടുന്നതിന് കാരണമെന്ന് പ്രിയങ്ക ഗാന്ധി
വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ നിന്ന്

വയനാട്ടുകാർക്ക് മറ്റാരെക്കാളും രാഹുലിനെ അറിയാമെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. ഭരണഘടന നിഷ്ക്കർഷിച്ചിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം വിയോജിപ്പ് അറിയിക്കാൻ കൂടിയുള്ളതാണെന്ന് ഭരണകൂടം മനസിലാക്കേണ്ടതുണ്ട്. ഭരണകൂടത്തിന് ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതാണ് രാഹുലിനെ നിരന്തരം വേട്ടയാടുന്നതിന് കാരണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് ഇന്ത്യൻ ഭരണകൂടവും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്നും രാജ്യത്തെ തുറമുഖങ്ങളും എയർപോർട്ടുകളും റെയില്‍വേകളും അദാനിക്ക് വിൽക്കുന്ന രീതിയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും പ്രിയങ്ക ആഞ്ഞടിച്ചു.

"ഒരു രാജ്യത്തിൻറെ സമ്പത്ത് മുഴുവൻ കോർപറേറ്റുകൾക്ക് എഴുത്തുകൊടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അദാനിയെ രക്ഷിക്കാനായി സർക്കാരും എല്ലാ സംവിധാനങ്ങളും ഒന്നിച്ചുനിന്നു. എന്നാൽ, സത്യം പുറത്തുവരികതന്നെ ചെയ്യും." പ്രിയങ്ക പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുലും പ്രിയങ്കയും കൽപറ്റയിലെത്തിയത്. കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സ്വതന്ത്ര രാജ്യത്തിനായുള്ള രാഹുലിന്റെ പോരാട്ടത്തിൽ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി കൂടെയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രാഹുലിന്റെ പോരാട്ടങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, നേതാക്കളായ പി എം എ സലാം, മോൻസ് ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ, സി പി ജോൺ തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ