സംഘടന തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞടുപ്പ് സുതാര്യമായിരുന്നു. ആര്‍ക്കും പരാതി കൊടുക്കാന്‍ അവകാശം നല്‍കുന്നതാണ് ഈ രാജ്യത്തെ നിയമ സംവിധാനം. ആ പരാതിയുമായി ബന്ധപ്പെട്ട ഏതൊരു തരത്തിലുള്ള അന്വേഷണം വേണമെങ്കിലും നടന്നുകൊള്ളട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പരാതി ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ല. മാധ്യമങ്ങളിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞത്. തിരഞ്ഞെടുപ്പ് നടത്തുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ തിരഞ്ഞടുപ്പ് കമ്മീഷന്‍ ആണ്. എഐസിസിയുടേയും ദേശീയ നേതൃത്വത്തിന്റേയും നിയന്ത്രണത്തിലാണ്. ഡിവൈഎഫ്‌ഐ എന്നൊക്കെ വാര്‍ത്തയില്‍ കേള്‍ക്കാന്‍ കഴിയുന്നത് ഇത്തരം എന്തെങ്കിലും ആരോപണങ്ങള്‍ വരുമ്പോഴാണ്. നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്. ആരാണ് ബിജെപിയുടേ പ്രസിഡന്റ് എന്ന് മറന്നിരിക്കുകയായിരുന്നു. നാളിതുവരെ വ്യാജാരോപണം അല്ലാതെ സുരേന്ദ്രന്‍ എന്തെങ്കിലും ഉന്നയിച്ചതായി ഞാന്‍ കേട്ടിട്ടില്ല. തിരഞ്ഞെടുപ്പ് തോല്‍ക്കാനും അട്ടിമറിക്കാനും മാത്രമാണ് എന്നാണ് സുരേന്ദ്രന്‍ ധരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വ്യാജ ഐഡിക്കാര്‍ഡ് ഉപയോഗിച്ചു എന്ന് സ്ഥിരീകരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സംഘടന തിരഞ്ഞെടുപ്പ് സുതാര്യമായാണ് നടന്നതെന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച അബിന്‍ വര്‍ക്കി പറഞ്ഞു. വോട്ടടുപ്പില്‍ ഏഴരക്ഷത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഏതെങ്കിലും തരത്തില്‍ ഈ പ്രക്രിയയെ മോശപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. അതിന്റെ പേരില്‍ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തുന്ന മറ്റ് പാര്‍ട്ടികളുടെ ആരോപണം ശരിയല്ലെന്നും അബിന്‍ പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് വാര്‍ത്തകളിലാണ് കണ്ടത്. അങ്ങനെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഇത്തരമൊരു ആരോപണം ഉണ്ടായിട്ടില്ല. ആര്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ട്. ദേശീയ നേതൃത്വത്തിന് ഇത്തരമൊരു പരാതി ആരെങ്കിലും നല്‍കിയതായി അറിയില്ലെന്നും അബിന്‍ പറഞ്ഞു.
ബിജെപി ഇപ്പോഴും പാലക്കാട്ടെ തോല്‍വിയില്‍ നിന്ന് മുക്തമായിട്ടില്ല. അതാണ് ഷാഫിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. അവരുടെത് ഉണ്ടായില്ലാ വെടിയാണ്. പിആര്‍ കമ്പനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചെന്നത്. പിന്നെ ഉയര്‍ന്നുവന്ന ആരോപണം ടെക്നോളജി സംബന്ധിച്ചാണ്. ഓപ്പണ്‍ മെമ്പര്‍ഷിപ്പായതുകൊണ്ട് ആര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയെ മോശമാക്കാന്‍ ആരെങ്കിലും ശ്രമം നടത്തിയാല്‍ അത് അന്വേഷിക്കണമെന്നും അബിന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്നാണ് വിവരം. രണ്ടുലക്ഷത്തില്‍ അധികം അസാധു വോട്ടുകള്‍ ഉണ്ടായെന്നാണ് ആദ്യം വാര്‍ത്ത പുറത്തുവന്നത്. ആകെ പോള്‍ ചെയ്ത 7,29,626 വോട്ടില്‍ 2,16,462 വോട്ടാണ് അസാധുവായത്. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയ വോട്ടുകള്‍ 2,21,986 ആണ്. അസാധു വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 5,524 വോട്ടുകളുടെ വ്യത്യാസം മാത്രം. പിന്നാലെ, വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ച കാര്യം ചൂണ്ടിക്കാട്ടി എഐസിസിക്ക് പരാതി പോയതോടെയാണ്, വിഷയം പുറംലോകം അറിഞ്ഞത്.