സംസ്ഥാനത്തുടനീളം തുടരുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടം. നിലവില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയത്തും എറണാകുളത്തുമാണ് സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നത്. കോട്ടയത്തിന്റെ മലയോര പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലയിലും മഴ ശക്തമായി തുടരുകയാണ്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് ചോലക്കല്ല് മലയില്‍ ഉരുള്‍പൊട്ടിയതായാണ് വിവരം. ഏഴോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്നിലവ്, പാല-ഈരാറ്റുപേട്ട, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മീനച്ചിലാർ നിറയുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മീനച്ചിലാറിന്റെ ഇരുകരയിലുമുള്ളവർ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഇതിനുപുറമെ കോട്ടയത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയ്ക്കും നിരോധനമുണ്ട്.
പുലർച്ച മുതല്‍ തുടരുന്ന മഴയില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചിയില്‍ മേഘവിസ്ഫോടനമുണ്ടായതായും സംശയിക്കുന്നുണ്ട്. കാക്കനാട് ഇൻഫോപാർക്കില്‍ വീണ്ടും വെള്ളകയറി. കാക്കനാട്, ഇടപ്പള്ളി, വെണ്ണല, തമ്മനം, കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ്, കലാഭവന്‍ റോഡ്, തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയർ എന്നിവിടങ്ങളില്‍ വെള്ളക്കട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടു.
കൊല്ലത്തും താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കൊല്ലത്ത് ശക്തികുളങ്ങര, മരുത്തടി, കാവനാട്, മങ്ങാട്, കണ്ടച്ചിറ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മൂന്നോറോളം വീടുകളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. എംസി റോഡില്‍ നിലമേല്‍, കൊട്ടിയം, ചാത്തന്നൂർ മേഖലയില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. ദേശീയപാത നിർമാണം പുരഗോമിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്ന സാഹചര്യവുമുണ്ട്.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, കട്ടാക്കട, നെടുമങ്ങാട് മേഖലയിലാണ് മഴക്കെടുതി രൂക്ഷമായത്. പലയിടത്തും മരങ്ങളൊടിഞ്ഞ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതിലിടിഞ്ഞു. വർക്കല ക്ലിഫിന് സമീപം മണ്ണിടിച്ചിലുണ്ടായി. കോട്ടണ്‍ഹില്‍ സ്കൂളിന്റെ ബസിന് മുകളിലേക്ക് മരമൊടിഞ്ഞു വീണിട്ടുണ്ട്.
അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളിൽ കാലവർഷം സംസ്ഥാനത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയുണ്ടായേക്കും.
മഴക്കെടുതിയ്ക്കൊപ്പം റിപ്പോര്‍ട്ട് ചെയ്ത അപകടങ്ങളില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥന്‍ പറമ്പ് സ്വദേശി അബ്രഹാം റോബര്‍ട്ട് (60) ആണ് മരിച്ചത്. നാല് പേര്‍ സഞ്ചരിച്ച വള്ളം മീന്‍പിടിത്തത്തിനായി പോയി മടങ്ങവെ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. മറ്റു മൂന്നു പേരെ പരുക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം പെരുമ്പാവൂര്‍ ഐക്കരകുടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ ഐക്കരക്കൂടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. ആലപ്പുഴയില്‍ തെങ്ങ് വീണുണ്ടായ അപകടത്തിലും ഒരാള്‍ മരിച്ചു. ഓലകെട്ടി സ്വദേശി അരവിന്ദാണ് മരിച്ചത്.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
മേയ് 28: കോട്ടയം, എറണാകുളം.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
മേയ് 28: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.
മേയ് 29: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
മേയ് 28: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
മേയ് 29: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ.
മേയ് 30: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
മേയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
ജൂണ്‍ 01: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ.