KERALA

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, കോഴിക്കോടും ഉരുൾപൊട്ടൽ; വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ, ട്രെയിനുകൾ റദ്ദാക്കി

അതിശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ഭാഗത്ത് ഉരുൾപൊട്ടി

വെബ് ഡെസ്ക്

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെടുതി രൂക്ഷം. വയനാട് മേപ്പാടിക്കു പുറമെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടതോടെ നിരവധി ട്രെയിനുകൾ ഭാഗികമായും ചിലത് പൂർണമായും റദ്ദാക്കി. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്.

പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തത്. മലക്കപ്പാറ കേരള-തമിഴ്നാട് അതിർത്തിയിൽ മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. രാജേശ്വരി, ജ്ഞാന പ്രിയ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമ്പൊയിൽ ചുരത്തിൽ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ ഗതാഗതം നിരോധിച്ചു.

അതിശക്തമായ മഴയിൽ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ഭാഗത്ത് ഉരുൾപൊട്ടി. മലയങ്ങാട് പാലം ഒലിച്ചു പോയി. ഇതോടെ 12 കുടുംബങ്ങൾ ഒറ്റപ്പെട്ടു. നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പുഴയുടെ വശത്തായുള്ള വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ആളപായമില്ല.

കനത്ത മഴയിൽ ഇടുക്കിയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ദേശീയപാത 85-ൽ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലും ഗതാഗത തടസപ്പെട്ടു. പള്ളിവാസിലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിൽ പെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലയോര മേഖലയിൽ മണ്ണിടിച്ചൽ തുടരുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു. മൊബൈൽ നെറ്റ്‌വർക്കും പരിമിതമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണെന്ന് നിർദേശമുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ ഇരിക്കൂർ പെടയങ്ങോട് വെള്ളം കയറി ഗതാഗതം നിലച്ചു.

നിടുവള്ളൂർ, പട്ടുവം പ്രദേശങ്ങളിൽ 11 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കുട്ടാവ് നഗറിൽ വെള്ളം കയറിയതോടെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എറണാകുളം പറവൂർ താലൂക്ക് കടുങ്ങല്ലൂർ കുറ്റിക്കാട്ടുകാര ഗവ. സ്കൂളിൽ ക്യാമ്പ്‌ തുടങ്ങി. ആളുകളെ ക്യാമ്പിലേക്ക് മാറ്റി.

ഇരിട്ടി, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. എടയാർ - കണ്ണവം -ഇടുമ്പ-വട്ടോളിപുഴകൾ കര കവിഞ്ഞൊഴുകുന്നു. കനത്ത മഴയെ തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുപ്രകാരം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

ഗുരുവായൂര്‍- തൃശൂര്‍ പ്രതിദിന എക്പ്രസ്, തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ്, ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്‌സ്പ്രസ്, തൃശൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. സമുദ്രനിരപ്പിൽനിന്ന് ജലവിതാനം മൂന്നര മീറ്ററായി ഉയർന്നു. പാലക്കാട് മംഗലം ഡാം മേഖല ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നു. വെള്ളം കയറിയ ഭാഗത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളിലെ ആളുകളെ മാറ്റിയിട്ടുണ്ട്. പട്ടാമ്പി പാലം മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിരോധനമേർപ്പെടുത്തി.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്