രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് സൂചന നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ നാളെയും, ഇടുക്കി, എറണാകുളം ജില്ലകളില്‍ മറ്റന്നാളുമാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ചയോടെ തീവ്രമാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങുമെന്നാണ് വിലയിരുത്തല്‍
അതേസമയം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. തിങ്കളാഴ്ചയോടെ തീവ്രമാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങുമെന്നാണ് വിലയിരുത്തല്‍. മെയ് 7 നു ന്യുന മർദ്ദമായും മെയ് 8 ഓടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ( cyclonic storm )ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഈ വർഷത്തില്‍ ബംഗാൾ ഉൾക്കടലില്‍ രൂപം കൊള്ളുന്ന ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോക്ക’ എന്നായിരിക്കും പേര്. എന്നും സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തതയായിട്ടില്ല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറയുന്നു. ഇതേസാഹചര്യത്തിലാണ് കേരളത്തില്‍ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നത്.
ഇന്നുമുതല്‍ മൂന്ന് ദിവസം കൊമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
നാളെ, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക് ആന്‍ഡമാന്‍ കടല്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
തിങ്കളാഴ്ച തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും, ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത നിലനില്‍ക്കുണ്ട്. മുന്നറിയിപ്പ് നിലനില്‍ക്കുന്ന സമയങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.