കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. മേയ് എട്ട് മുതല്‍ മേയ് പത്ത് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നേരിയ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് അലേര്‍ട്ടുകളൊന്നും നിലവിലില്ല. എന്നാല്‍ തിങ്കളാഴ്ച എറണാകുളം, വയനാട് ജില്ലകളിലും, ചൊവ്വാഴ്ച വയനാട് കോഴിക്കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമായിമായി മാറും. ചൊവ്വാഴ്ചയോടെ കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും. മോക്ക എന്ന പേര് നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. എന്നാല്‍ ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്തെ മഴ മുന്നറിയിപ്പിന് പിന്നില്‍.