KERALA

'പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്' അനുശോചനം നേര്‍ന്ന് 'എയറിലായി'; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

വെബ് ഡെസ്ക്

കേരളത്തില്‍ ഇല്ലാത്ത പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം നേര്‍ന്ന് 'എയറിലായി' കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ''കേരളത്തിലെ പ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഖമുണ്ടെന്നാണ്,'' രാജീവ് ചന്ദ്രശേഖർ എക്‌സിലും ഫേസ്ബുക്കിലും കുറിച്ചത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അപകടത്തിൽ പെട്ടവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എഴുതി.

മഴ കാരണം റോഡ് മുങ്ങി ഗതാഗത തടസമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും മറ്റു നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും എവിടെയും പ്രളയമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

കുറിപ്പ് ചർച്ചയായതോടെ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമാണ് പ്രതികരണവുമായി ആദ്യം രംഗത്തെത്തിയത്.

2018 സിനിമയാണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ കണ്ടതെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്കു കേരളത്തിലേക്ക് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം എന്നുമാണ് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക് പേജിൽ കുറിച്ചത്.

'2018' സിനിമ കണ്ടിട്ടാണോ രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പെന്നാണ് മേയർ ആര്യ രാജേന്ദ്രന്റെ ചോദ്യം. "ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ... ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ..." സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ച് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകൾ നിറഞ്ഞു. രണ്ടുമണിക്കൂറിനുശേഷം കുറിപ്പ് പിൻവലിക്കുകയും ചെയ്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം