പരസ്യവിമര്‍ശനം ഉയര്‍ത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. തന്നെ 'നായർ ബ്രാൻഡ്' ആയി ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിയും താനും എന്നും മതേതര നിലപാട് മാത്രമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫോ കോൺഗ്രസോ ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തി കാണിച്ചിട്ടില്ല.
തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനം ചെന്നിത്തല തള്ളി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആയിരുന്നു ചെന്നിത്തലയുടെ മറുപടി. കോൺഗ്രസ് പാർട്ടിയും താനും എന്നും മതേതര നിലപാട് മാത്രമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും. ഒരിക്കലും മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തിയതിനാലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയെങ്കിൽ ജയിക്കുമായിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. എൻഎസ്എസുമായി നിലവിൽ നല്ല ബന്ധം പുലർത്താത്ത കോൺഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു സുകുമാരൻ നായരുടെ വിമർശനം.
രമേശ് ചെന്നിത്തലയെ പ്രഥമ സ്ഥാനത്ത് നിർത്തിയതിലും പിന്തുണച്ചതിലും എൻഎസ്എസിന് വലിയ പങ്കുണ്ടെന്നും എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തല സമുദായത്തെ തള്ളിപ്പറഞ്ഞതുമാണ് വിമർശനത്തിന് ഇടയാക്കിയത്. തന്നെ നായരായി ആരും ബ്രാൻഡ് ചെയ്യേണ്ട എന്ന് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്. കേരള രാഷ്ട്രീയ സാഹചര്യത്തിൽ എൻഎസ്എസ് വഹിക്കുന്ന പങ്ക് മുൻനിർത്തി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുകുമാരൻ നായരുടെ വിമര്‍ശനം.
എൻഎസ്എസിന്റെ വിമർശനത്തിൽ അസഹിഷ്ണുതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. വിമര്ശിക്കുന്നവർക്ക് വിമർശിക്കാം. അത് അവരുടെ അവകാശമാണ്. പരിശോധിച്ച് തെറ്റ് തിരുത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
വി ഡി സതീശനെതിരെയും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചിരുന്നു. ഇരിക്കാൻ പറയുമ്പോൾ കിടക്കേണ്ട ആവശ്യമില്ലെന്ന സതീശന്റെ ഉപമ, സമുദായത്തെ ഒന്നടങ്കം അവഹേളിച്ചതാണെന്നും അതിന് വി ഡി സതീശനോട് ഒരിക്കലും പൊറുക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സാമുദായിക നേതാക്കളോട് വോട്ടിനായി കാലുപിടിക്കാൻ തനിക്കാകില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് ജയിച്ച ശേഷമായിരുന്നു സതീശന്റെ പ്രസ്താവന.