ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം അണിചേർന്ന് നടൻ രമേഷ് പിഷാരടി. യാത്രയിൽ പിഷാരടി പങ്കെടുക്കുന്ന ചിത്രം വിടി ബല്‍റാമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. യാത്രക്കിടയിൽ കൊച്ചു കുഞ്ഞിനെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിയ്ക്കൊപ്പമുളള ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്.
അച്ഛന്റെ തോളിൽ ഇരുന്ന് ജോഡോ യാത്രയിൽ പങ്കെടുത്ത കൊച്ചുമിടുക്കിയെ രാഹുൽ ഗാന്ധി വിളിക്കുകയും തോളിലേറ്റി യാത്ര ചെയ്യുകയുമായിരുന്നു. അതേ സമയം, ജോഡോ യാത്ര വൻ ജനപങ്കാളിത്തോടെ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. ഇന്നലെ പുലാമന്തോളിൽനിന്നു തുടങ്ങിയ യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം പങ്കെടുത്തത്. പദയാത്രയിൽ കുട്ടികളും ജനങ്ങളും വളരെ ആവേശത്തോടെയാണ് രാഹുൽ ഗന്ധിക്കൊപ്പം കൂടിയത്.
രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണയിലെ പൂപ്പലത്ത് അവസാനിക്കുകയും വൈകിട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്നു തുടങ്ങി രാത്രി ഏഴരയോടെ പാണ്ടിക്കാട് ജംക്‌ഷനിൽ സമാപിക്കുകയും ചെയ്തു. യാത്രയ്ക്കിടെ കർഷകരോടും പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളോടും സംവദിച്ചു. ഇന്നും നാളെയും കൂടി മലപ്പുറം ജില്ലയിൽ പദയാത്ര തുടരും.