ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം നടപ്പിലാക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കേരള ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍. 500 ഓളം ഉദ്യോഗാര്‍ത്ഥികള്‍ അടങ്ങിയ റാങ്ക് ലിസ്റ്റില്‍ നിന്നും നിലവില്‍ 50 ല്‍ താഴെ മാത്രമാണ് നിയമനം നടന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
3 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് തസ്തിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. വലിയ പരിശ്രമം നടത്തിയാണ് പലരും റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത്. നിലവിലുള്ള പട്ടികയുടെ കാലാവധി 2024 ജൂലൈ 23 വരെ മാത്രമാണ്. ഈ കാലയളവിനിടെ നിയമനം നടക്കുമോയെന്ന കാര്യത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട് . വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നത് ജോലി സാധ്യതകളെ ബാധിക്കുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി പരാതിയില്‍ പറയുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ അവസരത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുന്നു. കത്ത് നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56-ൽ നിന്ന് 58 വയസ്സായി ഉയർത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിന് ഒക്‌ടോബർ 25ന് കത്ത് നൽകിയത്. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ഘട്ടത്തിൽ ഈ ആവശ്യങ്ങൾ നടപ്പാക്കുക സർക്കാരിന് എളുപ്പമാവില്ല.