എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിലെ എല്ലാ രേഖകളും കേസ് ഡയറിയും സെഷൻസ് കോടതിയിൽ നിന്നും വിളിച്ച് വരുത്താൻ ഹൈക്കോടതി നിർദേശം. ഇരയുടെ പേരിൽ 49 കേസുകളുണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ ഹർജിയിലാണ് കോടതി വാദം കേട്ടത്.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാൻ വന്നതാണ് പരാതിക്കാരി. ഇതുവഴി ഫോൺ, പാസ്‌വേഡുകള്‍ എന്നിവ കരസ്ഥമാക്കി ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് കുന്നപ്പിള്ളില്‍ കോടതിയെ അറിയിച്ചു. ഫോൺ തട്ടിയെടുത്ത ശേഷം ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി തന്റെ ഭാര്യ കുറുംപ്പംപ്പടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും എല്‍ദോസ് അറിയിച്ചു. ആദ്യ പരാതി നൽകി 14 ദിവസത്തിന് ശേഷമാണ് ലൈംഗിക പരാതി ഉന്നയിക്കുന്നത്. ഇരയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യസന്ധമല്ലെന്നും കുന്നപ്പിള്ളില്‍ കോടതിയെ അറിയിച്ചു. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കാനായി കോടതി മാറ്റി.
കേസില്‍ ഇന്നലെ വാദം നടന്നപ്പോഴും കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പരാതി വായിക്കുമ്പോൾ ഉഭയസമ്മതപ്രകാരമുളള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വ്യക്തമല്ലേയെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചോദിച്ചു. പരാതി വായിച്ചപ്പോൾ സിനിമാക്കഥ പോലെയാണ് തോന്നുന്നതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗത്തെക്കാൾ ക്രൂരമാണ് വ്യാജ ആരോപണമെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ വധശ്രമം എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു.