ടി ജി ഹരികുമാറിന്റെ സ്മരണാർഥം തുഞ്ചൻ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള ടി ജി ഹരികുമാർ സ്മൃതി പുരസ്കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും സംഗീത നിരൂപകനും മാധ്യമ പ്രവർത്തകനുമായ രവിമേനോന്. മലയാള സാഹിത്യത്തിലെ നൂതന സംഗീതനിരൂപണശാഖയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത്.
അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 12ന് രാവിലെ 10 മണിക്ക് തുഞ്ചൻ സ്മാരക മണ്ഡപത്തിൽ നടത്തുന്ന ഏഴാമത് ടി ജി ഹരികുമാർ സ്മൃതിദിനാചരണ ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം രവിമേനോന് സമർപ്പിക്കും.
ഡോ ടി ജി രാമചന്ദ്രൻ പിള്ള, ഡോ ജോർജ് ഓണക്കൂർ, കല്ലറ ഗോപൻ, സുധാ ഹരികുമാർ, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് പുരസ്കാരത്തിനായി രവിമേനോനെ തിരഞ്ഞെടുത്തത്. ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാദമിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു ടി ജി ഹരികുമാർ. സി രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവരാണ് മുൻകാല അവാർഡ് ജേതാക്കൾ.