മലപ്പുറം സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി പ്രഖ്യാപിക്കണമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹൈക്കോടതിയില്‍. സഹകരണ ബാങ്ക് നിയമത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ഇത് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്ന ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ നിയമത്തിലെ (ഡിഐസിജിസി ആക്ട്) വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.
നിയമ ഭേദഗതിയനുസരിച്ച് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതോടെ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതായെന്നാണ് വിശദീകരണം
ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമ ഭേദഗതിയനുസരിച്ച് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതോടെ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതായെന്നാണ് വിശദീകരണം. യു എ ലത്തീഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധപൂര്‍വം ലയിപ്പിക്കാമെന്നാണ് കേരള സഹകരണ നിയമത്തില്‍ 2021ല്‍ കൊണ്ടുവന്ന 74 എച്ച് ഭേദഗതിയില്‍ പറയുന്നത്. ഇത് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഡിഐസിജിസി ആക്ടിലെ 2 (ജി ജി) (i) വ്യവസ്ഥയുടെ ലംഘനമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബാങ്കുകളുടെ ലയനമോ പുനഃക്രമീകരണമോ പാടുള്ളൂവെന്നാണ് ഡിഐസിജിസി ആക്ടിലെ 2 (ജി ജി) (i) ഈ വ്യവസ്ഥയില്‍ പറയുന്നതെന്നുമാണ് വിശദീകരണം