KERALA

സ്ഥിതി മുന്‍പത്തെക്കാള്‍ മോശം, കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാമെന്ന മണ്ടത്തരം പറയുന്നില്ല: ഗണേഷ് കുമാര്‍

ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഇന്ന് രാജിവച്ചിരുന്നു

വെബ് ഡെസ്ക്

കെഎസ്ആര്‍ടിസിയെ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം താന്‍ പറയുന്നില്ലെന്ന് കെ ബി ഗണേഷ് കുമാര്‍. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രിസ്ഥാനങ്ങള്‍ രാജിവച്ചതിന് പിന്നാലെ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. അടുത്ത രണ്ടര വര്‍ഷക്കാലയളവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകുന്നത്.

തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ലഭിക്കുന്നത് ഗതാഗത വകുപ്പാണോയെന്ന് അറിയില്ലെന്നും ഗതാഗതമാണെങ്കില്‍ നിരവധി ആശയങ്ങള്‍ മനസിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഇന്നത്തെ സ്ഥിതിയില്‍ നിന്ന് വകുപ്പിനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പതീക്ഷ. ചില ആശയങ്ങള്‍ മനസിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വിശദമായി പറയാം. ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. മുമ്പുള്ളതിനേക്കാള്‍ മോശം സ്ഥിതിയിലാണ്. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്. എല്ലാം നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും ഞാന്‍ പറയുന്നില്ല,'' അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനകരമായ നിലയില്‍ ഗതാഗത വകുപ്പ് മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം സമയത്തിന് നല്‍കുന്ന തരത്തിലുള്ള മാറ്റം ഞാന്‍ ആഗ്രഹിക്കുന്നു. അസാധ്യമായത് ഒന്നുമില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

വകുപ്പ് ഏതായാലും ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഏത് വകുപ്പാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃയോഗവും മുഖ്യമന്ത്രിയുമെടുത്ത തീരുമാനം ഇന്ന് നടപ്പിലാകുന്നു. അതിന് പ്രത്യേകം കൂട്ടിച്ചേര്‍ക്കലുകളുടെ ആവശ്യമില്ല. ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കഴിഞ്ഞ പിണറായി മന്ത്രിസഭയിലും വിഎസിന്റെ മന്ത്രിസഭയിലുമുണ്ടായിരുന്നു. മുന്നണിയുടെയും രാഷ്ട്രീയ സാഹചര്യങ്ങളും സവിശേഷതകളും മുന്‍നിര്‍ത്തി ചുമതല വിനയപൂര്‍വം സത്യസന്ധമായി വിശ്വാസപൂര്‍വമായി കൈകാര്യം ചെയ്യുകയെന്നതാണ് വിനീതമായ പ്രാര്‍ത്ഥനയും ആഗ്രഹവും,'' കടന്നപ്പള്ളി പറഞ്ഞു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി