ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന പൊട്ടിത്തെറികളില്‍ സിനിമ സംഘടനകളില്‍ ഭിന്നത കടുക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളും അതിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും പ്രബല സിനിമ സംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഇടയാക്കിയത് സംഘടനകളിലെ തന്നെ ചിലരുടെ നിലപാടുകളും പ്രതികരണങ്ങളുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയിലെ മറ്റ് സംഘടനകളും ഒരുമിച്ച് മാധ്യമങ്ങളെ കാണാനുള്ള നീക്കം പാളിയത് ജഗദീഷിന്റെ പ്രതികരണമാണെന്നാണ് താരസംഘടനയില്‍നിന്ന് പോലും ഉയരുന്ന വിമര്‍ശനം. ഭരണ സമിതിയിലുള്ള അംഗം തന്നെ ഇത്തരം ഒരു നിലപാട് സ്വീകരിച്ചതാണ് മോഹന്‍ലാലിന്റ രാജിയിലേക്കും ഭരണ സമിതി പിരിച്ചുവിടുന്നതിലേക്കും നയിച്ചതെന്നും അമ്മയിലെ അംഗങ്ങള്‍ തന്നെ പറയുന്നു.
സംഭവം ഇങ്ങനെ
മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് റിഹേഴ്‌സലിനിടെ അമ്മ അംഗങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഫ്ക - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. അമ്മയെ പ്രതിനിധീകരിച്ച് മോഹന്‍ലാലും മമ്മൂട്ടിയും, മറ്റ് സംഘടനകളുടെ ചുമതലയുള്ളവരും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്താമെന്ന ആശയം മുന്നോട്ടു വച്ചത് മോഹന്‍ലാല്‍. നമ്മുക്ക് പറയാനുള്ളത് പറയാമെന്ന് മമ്മൂട്ടിയും അഭിപ്രായം രേഖപ്പെടുത്തി. ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും നിര്‍ദ്ദേശത്തോട് യോജിച്ചു. എന്നാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം തെറ്റായ സന്ദേശം നല്‍കുമെന്ന ജഗദീഷിന്റെ നിലപാടാണ് തത്കാലം അമ്മ ജനറല്‍ സെക്ര കട്ടറിയും കൊച്ചിയിലുള്ള ഭാരവാഹികളും മാധ്യമങ്ങളെ കാണുക എന്ന നിലയിലേക്ക് തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ധാരണ പ്രകാരമാണ് സിദ്ദിഖും അംഗങ്ങളും മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ തൊട്ടു പിന്നാലെ ജഗദീഷ് തന്നെ പരസ്യപ്രതികരണത്തിന് മുതിര്‍ന്നത് അമ്മ അടക്കമുള്ള മുഴുവന്‍ സംഘടനകളേയും ഞെട്ടിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയുടെ പ്രതികരണം വൈകിയതില്‍ മാപ്പ് ചോദിച്ചും അമ്മയെ തിരുത്തിയും കൈയടി നേടിയ ജഗദീഷ് ഇക്കാര്യം എന്തുകൊണ്ട് മറച്ചു വച്ചതിലാണ് അതൃപ്തി. ചില സംഘടകള്‍ അതൃപ്തി മമ്മൂട്ടിയെയും മോഹന്‍ലാലിനേയും അറിയിച്ചപ്പോള്‍ ചിലര്‍ പരോക്ഷമായെങ്കിലും അതൃപ്തി പരസ്യമാക്കി കഴിഞ്ഞു.
പ്രതികരണം പിന്നീട്
തത്കാലം ഒന്നിനോടും പ്രതികരിക്കാനില്ലെന്ന് ജഗദീഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു. മകള്‍ക്കൊപ്പം ചെന്നൈയിലാണ്. മടങ്ങി എത്തിയ ശേഷം മറുപടി പറയുമെന്നാണ് ജഗദീഷിന്റെ നിലപാട്.