സജി ചെറിയാന്‍  
KERALA

ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാന് ആശ്വാസം, പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന ഹര്‍ജി തള്ളി

തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഹര്‍ജി തള്ളിയത്

വെബ് ഡെസ്ക്

വിവാദമായ ഭരണഘടനാ വിരുദ്ധ പരാമർശത്തില്‍ മന്ത്രി സജി ചെറിയാന് ആശ്വാസം. സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന ഹര്‍ജി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷ നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ബുധനാഴ്ച കേസ് പരിഗണിച്ചിരുന്നെങ്കിലും വ്യാഴാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സാക്ഷി മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ പരിഗണിക്കാതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

ബുധനാഴ്ചയാണ് മന്ത്രിയായി സജി ചെറിയന്‍ സത്യപ്രതിജ്ഞ ചെയ്തത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാന്‍ മന്ത്രിയാകുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആ സാഹചര്യം നിലനില്‍ക്കെ ഹര്‍ജി തള്ളിയത് സര്‍ക്കാരിനും സജി ചെറിയാനും ആശ്വാസമാണ്.

സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ നടപടി.

ഈ പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ജൂലൈയില്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് രാജ്യത്തുള്ളത് എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പറയുമെങ്കിലും ബ്രിട്ടീഷുകാര്‍ പറഞ്ഞ പോലെയാണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്ന് പ്രസംഗത്തിലുണ്ടായിരുന്നു. വിവാദം കടുത്തതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇന്നലെയാണ് സജി ചെറിയാൻ മന്ത്രിയായി വീണ്ടും സ്ഥാനമേറ്റത്

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി