KERALA

രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ അത്യപൂർവ വിധി; 15 പ്രതികൾക്കും വധശിക്ഷ

കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ - എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു

വെബ് ഡെസ്ക്

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ച് പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയുടേതാണ് ഉത്തരവ്. കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ - എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, മുന്‍ഷാദ്, സഫറുദീന്‍, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടവർ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ

കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.

2021 ഡിസംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലുള്ള വീട്ടില്‍ കയറി പുലര്‍ച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനുപിന്നാലെ പ്രതികള്‍ സംസ്ഥാനം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രണ്‍ജിത്തിനെ എസ്ഡിപിഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പന്ത്രണ്ടംഗ സംഘം ആറ് ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. രണ്‍ജിത്തിനെ ആക്രമിക്കുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും അക്രമികള്‍ ഭീഷണിപ്പെടുത്തി. പ്രദേശവാസികളെത്തി രണ്‍ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ ഡിസംബര്‍ 22ന് ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മാര്‍ച്ച് 18ന് 15 പ്രതികളെയും അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 26ന് ആലപ്പുഴ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ കേസ് പ്രതികളുടെ ആവശ്യത്തെത്തുടര്‍ന്ന് മാവേലിക്കര സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

2023 ഫെബ്രുവരി 16 മുതല്‍ വിചാരണ ആരംഭിക്കാനും സാക്ഷിവിസ്താരം മാര്‍ച്ച് ഒന്നിന് തുടങ്ങാനും കോടതി ഉത്തരവിട്ടു. എന്നാല്‍ മാര്‍ച്ച് ഒന്നിന് വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പിന്നീട് ഏപ്രില്‍ 17നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്.

മേയ് അഞ്ചിന് വീണ്ടും ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തു. ജൂണ്‍ 24ന് പുനഃരാരംഭിച്ച സാക്ഷിവിസ്താരം ഒക്ടോബര്‍ 28നാണ് പൂര്‍ത്തിയായത്. 156 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി