പ്രശസ്ത നാടകകൃത്ത് പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
30 വര്‍ഷമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടെയും കെ ശാന്തകുമാരി അമ്മയുടെയും മകനായി 1972 ജൂലൈ 16 നായിരുന്നു ജനനം.
തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്കൂൾ, ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം.
കോളമിസ്റ്റ്, അധ്യാപകൻ, പത്രപ്രവർത്തകൻ, നടൻ, നാടക രചയിതാവ്, സംവിധായകൻ, ആട്ടക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. പതിനഞ്ചാമത്തെ വയസ്സു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങി. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പതിനേഴാം വയസ്സിൽ ഭാരതാന്തം ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി.
2008-ല്‍ മോഹന്‍ലാലിനെയും മുകേഷിനെയും ഉള്‍പ്പെടുത്തി ചെയ്ത 'ഛായാമുഖി' എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പ്രമേയത്തിന്റെ പ്രത്യേകതയും സമകാലിക വിഷയപ്രസക്തിയും സംവിധാനമികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'മകരധ്വജന്‍' എന്ന നാടകം, സ്ത്രീയുടെ സ്വത്വവേവലാതികളെയും സ്ത്രീശാക്തീകരണത്തെയും പ്രമേയമാക്കിയ 'കറ ' എന്ന ഒറ്റയാള്‍ നാടകം, 'താജ് മഹല്‍' എന്ന ശക്തമായ രാഷ്ട്രീയബിംബം പ്രമേയമാക്കിയ കവിതയുടെ ദൃശ്യാവിഷ്‌കാരമായ 'താജ്മഹല്‍' എന്ന നാടകം എന്നിവ പ്രശാന്ത് നാരായണന്റെ ശ്രദ്ധേയമായ സൃഷ്ടികളാണ്.
തൊപ്പിക്കാരൻ, അരചചരിതം, ബലൂണുകൾ, ജനാലയ്ക്കപ്പുറം, വജ്രമുഖൻ, മണികർണിക, ചിത്രലേഖ, തുടങ്ങിയവയാണ് പ്രശാന്ത് രചിച്ച മറ്റു പ്രധാന നാടകങ്ങൾ.
ടാഗോറിന്റെ തപാലാഫീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം, ദൂതഘടോത്കചം, സ്വപ്നവാസവദത്തം, എം ടി വാസുദേവൻ നായരുടെ ജീവിതവും കൃതികളും കോർത്തിണക്കിയ 'മഹാസാഗരം' തുടങ്ങിയവയാണ് പ്രധാന സംവിധാന സംരംഭങ്ങൾ.
2003 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള അവാര്‍ഡ്, 2011 ല്‍ ദുര്‍ഗാദത്ത പുരസ്‌കാരം, 2015 ല്‍ എ പി കളയ്ക്കാട് അവാര്‍ഡ്, 2016ല്‍ അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.