KERALA

താനൂര്‍ ബോട്ട് ദുരന്തം: തിരച്ചില്‍ തുടരുന്നു, പുഴയിലെ വെള്ളം തെളിഞ്ഞ് തുടങ്ങിയത് പ്രതീക്ഷ

21 അംഗ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്

വെബ് ഡെസ്ക്

മലപ്പുറം താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് അപകടമുണ്ടായ സ്ഥലത്ത് തിരച്ചില്‍ തുടരുന്നു. രാവിലെ ഏഴ് മണിയോടെ ആണ് തിരച്ചില്‍ പുനരാരംഭിച്ചത്. വെളിച്ചക്കുറവ് മൂലം ഇന്നലെ രാത്രി വൈകി തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ഫോഴ്‌സ് സംഘങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട തിരച്ചില്‍ ദൗത്യം അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്. അഴിമുഖ പ്രദേശമായതിനാല്‍ പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുഴയിലെ വെള്ളം തെളിഞ്ഞ് തുടങ്ങിയത് പ്രതീക്ഷയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരച്ചില്‍

21 അംഗ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മന്ത്രിമാരായ വി അബ്ദുള്‍ റഹ്‌മാന്‍, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. രാവിലെ 9 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗം മലപ്പുറത്തെത്തും. ബോട്ടപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവരും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധന സഹായവും അനുവദിച്ചിട്ടുണ്ട്.

അതിനിടെ, ബോട്ടപടകത്തില്‍ മരിച്ചവരുടെ എണ്ണം 22 രണ്ടായി. പത്തുപേര്‍ പരുക്കേറ്റ് ചികില്‍സയിലുണ്ട്. ഇവരില്‍ ഏഴുപേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ അമിതമായി ആളുകളെ കയറ്റി നടത്തിയ ബോട്ട് യാത്രയാണ് അപകടത്തില്‍ പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് പോലും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുപത് പേരെ കയറ്റാവുന്ന ബോട്ടില്‍ 39 പേര്‍ ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.

അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികളും ഉടന്‍ ആരംഭിക്കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി. തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ