KERALA

ദുരന്തഭൂമിയിൽ പതിനൊന്നാം നാൾ: ഇന്ന് ജനകീയ തിരച്ചിൽ, ക്യാമ്പിലുള്ളവരും കാണാതായവരുടെ ബന്ധുക്കളും ഉൾപ്പടെ പങ്കാളികളാകും

ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും

വെബ് ഡെസ്ക്

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി പതിനൊന്നാം ദിവസമായ ഇന്നും തിരച്ചിൽ തുടരും. ഇന്ന് ജനകീയ തിരച്ചിൽ ആണ് നടത്തുക. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെയും കാണാതായവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തി തിരച്ചിൽ നടത്തും. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചില്‍ നടത്തുക.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ആണ് ലഭിച്ചത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. 90 ശതമാനത്തില്‍ കുറഞ്ഞതാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക.

എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ എന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതേസമയം പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടി 14 ക്യാമ്പുകള്‍ ആണ് നിലവിൽ പ്രവർത്തിക്കുന്നത്. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും അടക്കം 1942 പേരാണ് ഉള്ളത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ദുരന്ത മേഖല സന്ദർശിക്കും. പ്രധാനമന്ത്രി നേരിട്ടെത്തുന്ന സാഹചര്യത്തിൽ വയനാടിന് കൂടുതൽ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് അറിയിച്ചിട്ടുണ്ട്.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?