തിരുവനന്തപുരം വിഴിഞ്ഞത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഉറകൾ(റിങ്) ഇളകിവീണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസത്തിലേക്ക്. അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് ദിവസമായി തുടരുന്ന ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേന രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തെത്തി. ആലപ്പുഴയില്‍ നിന്നുള്ള 29 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് വിഴിഞ്ഞത്ത് എത്തിയിട്ടുള്ളത്. കൊല്ലത്ത് നിന്ന് എത്തിച്ച കിണറുപണിക്കാരുടെ വിദഗ്ദ സംഘവും സ്ഥലത്തുണ്ട്.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55) ജോലിക്കിടെ മണ്ണിടിഞ്ഞ് 90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ വൈകീട്ടോടെ മഹാരാജന്റെ കൈപ്പത്തി കാണുന്ന തരത്തില്‍ മണ്ണ് മാറ്റാനായെന്നാണ് കിണറിലിറങ്ങിയവര്‍ നല്‍കുന്ന വിവരം. എന്നാല്‍ തുടര്‍ച്ചയായി മണ്ണിടിയുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്.
ഞായറാഴ്ച മുഴുവനായി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മഹാരാജനെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. നിലവില്‍ ദൌത്യം രണ്ട് പകലും, രണ്ട് രാത്രിയും പിന്നിട്ടു കഴിഞ്ഞു. കിണറിന് അകത്ത് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കിണറിലെ ഉറവയുടെ ശക്തമായ സാന്നിധ്യമാണ് വെല്ലുവിളിയാകുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.