ഏകവ്യക്തി നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരം അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ഏക സിവിൽകോഡ് രാജ്യത്ത് നടപ്പാക്കരുതെന്ന് ആവശ്യപ്പെടും. യുസിസിക്കെതിരെ സിപിഎമ്മും കോൺഗ്രസും മുസ്ലിംലീഗും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയ സാഹചര്യത്തിൽ സഭ ഐകകണ്ഠേന പ്രമേയം പാസാക്കാനാണ് സാധ്യത. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പൂർണതോതിൽ ആരംഭിക്കും. ആദ്യ ദിനമായ ഇന്നലെ ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് സഭ പിരിയുകയായിരുന്നു.
ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നു വന്നത്. സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ പരിപാടികളുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര നീക്കത്തിനെതിരെ ഭരണ- പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിൽക്കാനാണ് സാധ്യത.
1960 ലെ ഭൂപതിവ് ഭേദഗതി ബില്ലും ഇന്ന് സഭയുടെ മേശപ്പുറത്ത് എത്തും. 2023 ജനുവരി 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഭേദഗതി കൊണ്ടുവരുന്നത്. കേരള സര്‍ക്കാര്‍ ഭൂപതിവ് നിയമ (ഭേദഗതി) ബില്‍ 2023ന്‍റെ കരടിന് മന്ത്രിസഭായോഗം നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
കൃഷി ആവശ്യത്തിനും വീട് നിര്‍മ്മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയില്‍ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്‍ വഴി കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകള്‍കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണപക്ഷം കൊണ്ടുവരുന്ന ബില്ല് ആയതിനാൽ പ്രതിപക്ഷം എതിർത്താലും ചർച്ചയോടെ പാസാക്കാനാണ് സാധ്യത.