പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണൻ, അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെട്ട ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ളയാൾ - നിയമസഭയിൽ ബുധനാഴ്ച അവതരിപ്പിക്കാൻ പോകുന്ന സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലിൽ ചാൻസലർമാരുടെ യോഗ്യത നിഷ്കർച്ചിരിക്കുന്നത് ഇങ്ങനെയാണ്.
പൊതുഭരണം ഒരു മേഖലയായി ഉൾപ്പെടുത്തിയതോടെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചാൻസലർ പദവിയിൽ എത്താൻ വഴിയൊരുക്കുന്ന ഒന്നായി ഈ നിയമം മാറുമെന്ന ആശങ്ക ശക്തമായി. അടുത്തിടെ വിരമിച്ച മിക്കവാറും എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും ചില ഐപിഎസ് ഉദ്യോഗസ്ഥർക്കും വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിർണായക പദവികളിൽ നിയമനം നൽകിയിരുന്നു. ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന ബിൽ നിയമമായാൽ 14 സർവകലാശാല ചാൻസലർ പദവികൾ കൂടെ മുതിർന്ന ഉദ്യോഗസ്ഥരുടെ പുനരധിവാസത്തിനായി ലഭ്യമാകും.
നിയമത്തിലെ പ്രാവീണ്യം എന്ന വകുപ്പ് രാഷ്ട്രീയ നേതാക്കളെ വളഞ്ഞവഴിയിൽ ചാൻസലർ പദവിയിലെത്തിക്കാനുള്ള നീക്കമാണെന്ന സംശയവുമുണ്ട്. നിയമ സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മാറ്റാൻ തീരുമാനമില്ലാതിരുന്നിട്ടും നിയമ പ്രാവീണ്യം ഉള്ളവർ എന്ന പരാമർശം മറ്റു സർവകലാശാലകളുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയതാണ് സംശയങ്ങൾക്ക് ആധാരം. രണ്ടു തവണയായി പരമാവധി 10 വർഷം ഒരു ചാൻസലർക്ക് പദവി വഹിക്കാൻ കഴിയും. ചാൻസലർ പദവിക്ക് പ്രതിഫലം നൽകില്ല, പക്ഷേ, അദ്ദേഹത്തിന്റെ ഓഫീസ് ചെലവുകൾ പ്രസ്തുത സർവകലാശാല വഹിക്കണം. എന്നാൽ ചാൻസലർമാരുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയോ ഉയർന്ന പ്രായപരിധിയെപ്പറ്റിയോ ബില്ലിൽ പരാമർശമില്ല.
ചാൻസലർ നിയമനത്തിന് കഴിഞ്ഞ ആഴ്ച മന്ത്രിസഭ ചർച്ച ചെയ്ത കരട് ബില്ലിലെ പല അപാകതകളും പരിഹരിച്ചുകൊണ്ടാണ് നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബിൽ തയാറാക്കിയിരിക്കുന്നത്. കാർഷിക വകുപ്പ് സെക്രട്ടറി ഡോ. ബി അശോക് ചൂണ്ടിക്കാട്ടിയ പല പിഴവുകളും തിരുത്തിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ബിൽ സഭയിൽ അവതരിപ്പിക്കുക. ചാൻസലറുടെ യോഗ്യത, പുനർനിയമന കാലാവധി എന്നിവ വ്യക്തമാക്കണമെന്ന് അശോക് ഫയലിൽ എഴുതിയ കുറിപ്പിൽ നിർദേശിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭായോഗം അശോകിന്റെ വിമർശനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ബില്ലിന്റെ ഉദ്ദേശകാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന അശോകിന്റെ വിമർശനവും പുതുക്കിയ കരടിൽ പരിഹരിച്ചിട്ടുണ്ട്. “ഭരണഘടന വിഭാവന ചെയ്തിട്ടില്ലാത്തതും ഗവർണറുടെ പദവിയെ പൊതുവിമർശനങ്ങളിലേക്കോ വിവാദങ്ങളിലേക്കോ വിധേയമാക്കാവുന്നതുമായ സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടുള്ളതല്ലെന്ന് 2007ൽ കേന്ദ്ര സർക്കാർ നിയമിച്ച ജസ്റ്റിസ് പുഞ്ചി കമ്മീഷൻ പ്രതിപാദിച്ചിട്ടുണ്ട്,” ഉദ്ദേശ കാരണ പട്ടികയിൽ പറയുന്നു. കൂടാതെ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദ്യാഭ്യാസ വിചക്ഷണരെ ചാൻസലറായി നിയമിക്കണമെന്ന് ശുപാർശ ചെയ്ത കാര്യവും ഉദ്ദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോഴും ചില അപാകതകൾ ബില്ലിൽ മുഴച്ചു നിൽക്കുന്നുണ്ട്. ഡിജിറ്റൽ സർവകലാശാല, മലയാളം സർവകലാശാല, വെറ്ററിനറി സർവകലാശാല തുടങ്ങി പ്രൊ വൈസ് ചാൻസലർ തസ്തിക ഇല്ലാത്ത ഇടങ്ങളിലും വിസിയുടെ താത്കാലിക അഭാവത്തിൽ ചുമതല പിവിസിക്ക് നൽകാനാണ് നിയമം നിഷ്കർഷിക്കുന്നത്. പി വി സിയുടെ അഭാവത്തിൽ മറ്റൊരു സർവകലാശാല വി സിക്ക് അവിടത്തെ ചാൻസലറുടെ അനുമതിയോടെ ചുമതല നൽകണമെന്നാണ് ബിൽ നിഷ്കർഷിക്കുന്നത്. അതായത് ഒരാഴ്ച വി സി അവധിയെടുത്താൽ, രണ്ട് സർവകലാശാലകളിലെ ചാൻസലർമാർ ചേർന്ന് പകരക്കാരനെ പുറത്തുനിന്ന് കണ്ടെത്തേണ്ട അവസ്ഥയുണ്ടാകും.