കാൻസർ രോഗികള്‍ക്കായി സ്വന്തം ഓട്ടോറിക്ഷയിൽ യാത്രാ സൗകര്യമൊരുക്കുന്ന ത്യശൂർ സ്വദേശി രേവന്താണ് ആലുവയിലെ അഞ്ച് വയസുകാരിക്ക് പൂജാ കർമങ്ങൾ ചെയ്തത്. അന്ത്യകർമങ്ങള്‍ ചെയ്യാൻ പൂജാരിമാരെ കിട്ടാതെ വന്നതോടെ രേവന്ത് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ആ കുട്ടിയുടെ അച്ഛനാണ് പൂജ ചെയ്യാൻ ആവശ്യപ്പെട്ടത്. അതിനായി പൂജാരിമാരെ അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയിരുന്നില്ല. അപ്പോൾ അറിയാവുന്ന രീതിയിൽ താൻ തന്നെ പൂജാകർമങ്ങൾ ചെയ്യുകയായിരുന്നുവെന്ന് രേവന്ത് പറഞ്ഞു. മുൻപും ഇതുപോലെ മറ്റൊരാൾക്ക് അന്ത്യകർമം ചെയ്തിട്ടുണ്ട്. ആ കുഞ്ഞിന്റെ ആത്മാവിന് വേണ്ടിയാണ് താനത് ചെയ്തതെന്നും രേവന്ത് പറയുന്നു.
പ്രശംസനീയമെന്ന് അൻവർ സാദത്ത് MLA
ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യ കർമങ്ങൾക്കായി രേവന്ത് ആരും പറയാതെ തന്നെ പൂജാ സാധനങ്ങളുമായി നേരത്തെ തന്നെ എത്തിയിരുന്നു. ആ കുഞ്ഞുമോൾക്ക് വേണ്ടി പൂജ ചെയ്യണമോയെന്ന് അന്വേഷിച്ചപ്പോഴേക്കും പൂജാരി റെഡിയായി നിൽപുണ്ടായിരുന്നുവെന്നാണ് അൻവർ സാദത്ത് എംഎൽഎ പറയുന്നത്.
കഴിഞ്ഞ ദിവസം തന്നെ സംഭവമറിഞ്ഞ് കുഞ്ഞിന്റെ വീട്ടിൽ രേവന്ത് എത്തിയിരുന്നു. ഇന്ന് സംസ്കാരം നടക്കുന്ന സമയത്തിന് മുൻപേ എത്തി പൂജാ സാധനങ്ങളുമായി തയ്യാറായി നിൽക്കുന്നതാണ് കണ്ടതെന്ന് എംഎൽഎ പറയുന്നു. സംസ്കാരസമയം അടുത്തപ്പോഴാണ് കുട്ടിയുടെ അച്ഛനോട് പൂജാകർമങ്ങള്‍ ചെയ്യണോയെന്ന് ചോദിച്ചത്. അപ്പോൾ വേണമെന്നാണ് ആഗ്രഹമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് പൂജാരിയെ തിരയുന്നത്. നല്ല മനസ്സിനുടമയായ ആ യുവാവിന്റെ പ്രവൃത്തി പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.