നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെതിരായ ജാതിഅധിക്ഷേപക്കേസില്‍ നർത്തകി സത്യഭാമയ്ക്ക് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിന്റെ പുറത്താണ് നെടുമങ്ങാട് എസ്‌സി/എസ്‌ടി കോടതി സത്യഭാമയെ വിട്ടയച്ചത്. പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സത്യം ഒരിക്കൽ ബോധ്യപ്പെടുമെന്നും ആരെയും അവഹേളിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ച ശേഷം സത്യഭാമ പ്രതികരിച്ചു. കോടതിയിൽ വിശ്വാസമുണ്ട്. പറഞ്ഞ കാര്യങ്ങൾ തൊഴിലിന്റെ ഭാഗമായി പറഞ്ഞതാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സത്യഭാമ കൂട്ടിച്ചേർത്തു.
ചെറിയ കേസ് ആയി കാണാൻ കഴിയില്ലെന്ന് ജാമ്യത്തെ എതിർത്തുകൊണ്ട് രാമകൃഷ്ണൻ കോടതിയില്‍ പറഞ്ഞു. സംഭവ ശേഷവും സമാനമായ പ്രതികരണം മാധ്യമങ്ങളിൽ ആവർത്തിച്ചു. പ്രതി അധ്യാപിക ആയിരുന്നു, മകനെ പോലെ സംരക്ഷിക്കേണ്ട ആളായിരുന്നെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാണിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടത് അനിവാര്യം ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. വിദേശത്തു നിരവധി പരിപാടികൾ അവതരിപ്പിച്ചു വിദേശത്തു ഉളളവരുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.അഞ്ചു വർഷത്തിൽ താഴെ ശിക്ഷ ലഭികാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും സത്യഭാമയ്ക്കായി ഹാജരായ അഭിഭാഷകൻ ബി എ ആളൂർ കോടതിയില്‍ പറഞ്ഞു.
വിവാദ പരാമർശം കാരണം ജീവിതത്തിൽ പല വിധ ബുദ്ധിമുട്ടുകൾ ഉണ്ടായി. തന്റെ വിദ്യാർത്ഥികളായ കറുത്ത കുട്ടികൾ എല്ലാം നഷ്ടമായി. ആർഎൽവി രാമകൃഷ്ണന്റെ പേര് മാത്രം പറഞ്ഞാൽ മതിയായിരുന്നു. മനഃപൂർവം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ല. വടക്കേ ഇന്ത്യയിൽ വെളുത്ത ആളുകളും എസ്‌സി എസ്‌ടി വിഭാഗത്തിൽ ഉണ്ട്. കറുത്ത കുട്ടി എന്ന പരാമർശം എങ്ങനെ എസ്‌സി എസ്‌ടി വകുപ്പിന്റെ പരിധിയിൽ വരുമെന്നും ബി എ ആളൂർ ചോദിച്ചു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശങ്ങൾ. ആര്‍ എല്‍ വി രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും ഒരു പുരുഷന്‍ കാലും കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുക എന്നത് അരോചകമാണെന്നും പുരുഷന്മാരിൽ തന്നെ സൗന്ദര്യമുള്ളവർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമായിരുന്നു സത്യഭാമയുടെ പരാമർശങ്ങൾ. അ
ഭിമുഖത്തിന് പിന്നാലെ തന്നെ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരേ ഫേസ്ബുക്ക് കുറിപ്പിലൂടെ രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു, തുടർന്ന് വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി ഡിവൈഎസ്പിക്ക് പരാതിയും നൽകുകയായിരുന്നു.