ഡ്രൈവിങ്ങിലെ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങള്‍ക്കാണ് വഴി വയ്ക്കുക. ഡ്രൈവര്‍മാരുടെ ക്ഷീണം മുതല്‍ നിരത്തിലെ മര്യാദയില്ലാത്ത ഇടപെടലുകള്‍ വരെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. ഇടറോഡുകളില്‍ നിന്നും അശ്രദ്ധമായി ഓടിച്ചുകയറ്റുന്ന വാഹനങ്ങള്‍ പ്രധാന റോഡിലൂടെ ഓടുന്ന മറ്റു വാഹനങ്ങളില്‍ തട്ടിയുള്ള അപകടങ്ങളും പതിവാണ്.
കേരളത്തിലെ നിരത്തുകളില്‍ അപകടങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങിനിടെ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളെ കുറിച്ച് വിവരിക്കുകയാണ് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ. ഡിഫെന്‍സീവ് ഡ്രൈവിങ് സംബന്ധിച്ചും ഡ്രൈവര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരള പോലീസ് പുറത്തുവിട്ടിരുന്നു.
ഇടറോഡുകളില്‍ നിന്നും അശ്രദ്ധമായി ഓടിച്ചുകയറ്റുന്ന വാഹനങ്ങള്‍ പ്രധാന റോഡിലൂടെ ഓടുന്ന മറ്റു വാഹനങ്ങളില്‍ തട്ടിയുള്ള അപകടങ്ങളും പതിവാണ്.
മെയിന്‍ റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുപോകുന്നുണ്ട് എന്നൊര്‍ക്കാതെ ഇടറോഡുകളില്‍ നിന്നും അശ്രദ്ധമായി പ്രധാന റോഡിലേക്ക് വാഹനമോടിച്ചു കയറി അപകടങ്ങള്‍ വരുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. പ്രത്യേകിച്ച് നാട്ടിന്‍ പ്രദേശങ്ങളിലെ ഇടറോഡുകളില്‍ നിന്ന് ഒന്നും നോക്കാതെ പ്രധാന റോഡുകളിലേക്ക് അശ്രദ്ധമായി കയറിവരുന്ന ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും നാം കാണാറുണ്ട്. മെയിന്‍ റോഡില്‍ വാഹനങ്ങള്‍ കുറവാണെന്ന ധാരണയിലാകാം ഇവര്‍ ഈ രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ച് പ്രവേശിക്കുന്നത്. അതുമൂലം ഇടറോഡില്‍ നിന്ന് അപ്രതീക്ഷിതമായി മുന്നിലെത്തുന്ന വാഹനത്തെ പ്രതിരോധിക്കാന്‍ മെയിന്‍ റോഡില്‍ നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മ്മാര്‍ക്ക് സമയം കിട്ടാറില്ല. ഇത്തരം പ്രവര്‍ത്തി പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു.
ഇടറോഡുകളില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍
പ്രധാന റോഡിലേക്ക് തിരിയുന്നതിന് മുമ്പ് വാഹനം നിര്‍ത്തി ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.
പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.
പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലില്‍ ആയിരിക്കില്ല. അതുകൊണ്ട് വാഹനം കടന്നു പോയതിന് ശേഷം മാത്രം പ്രവേശിക്കാന്‍ ശ്രമിക്കുക.
ഇടറോഡില്‍ നിന്ന് ചടുലമായി തിരിഞ്ഞ് പെട്ടെന്ന് മുന്നില്‍ ചെന്നുപെട്ടാല്‍ കടന്നുവരുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍ക്ക് പ്രതികരിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാല്‍ മാത്രമേ തിരിയാവൂ.
നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാന്‍.
റൗണ്ട് എബൗട്ടുകളില്‍ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുന്‍ഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കാന്‍ പാടില്ല.
ഒരു നല്ല ഡ്രൈവറുടെ ലക്ഷണമാണ് ക്ഷമയും ഏകാഗ്രതയും.