മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിൽ ബംഗളുരുവിൽ പ്രവർത്തിച്ചിരുന്ന എക്സാലോജിക് എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്നും പ്രോസിക്യൂഷന് വിധേയമാക്കപ്പെടാൻ തക്കവണ്ണം ഗുരുതരമായ കുറ്റങ്ങൾ കമ്പനി ഉടമകൾ നടത്തിയിട്ടുണ്ടെന്നും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ ഒ സി) റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും ലംഘനം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ തുടരന്വേഷണം ഇ ഡിയെയും സി ബി ഐയെയും ഏല്പിക്കണമെന്ന ശിപാര്‍ശയും റിപ്പോർട്ടിലുണ്ട്.
കർണാടക ആർ ഒ സിയുടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം എക്‌സാലോജിക്കിനും അവർക്ക് അവിഹിതമായി സാമ്പത്തിക സഹായം നൽകി എന്ന് ആരോപണമുള്ള കൊച്ചിയിലെ സി എം ആർ എലിനും എതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക ഡെപ്യൂട്ടി ആർ ഒ സി വരുൺ ബി എസ്, കോർപ്പറേറ്റ് അഫയെർസ് ചെന്നൈ റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ കെ എം ശങ്കർ നാരായണൻ, പുതുശേരി ആർ ഒ സി എ ഗോകുൽനാഥ് എന്നിവരുടെ സംഘം ഈ പ്രാഥമിക റിപ്പോർട്ടിൻ മേൽ വിശദമായ അന്വേഷണം ആരംഭിച്ചു.
2017 -18 വർഷത്തിൽ ഏതാണ്ട് 42 ലക്ഷം രൂപ ആദായനികുതി കുടിശിക തീർക്കാനുണ്ടെന്നും കമ്പനി പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് റജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയ ശേഷവും സജീവമായി പ്രവർത്തനം നടത്തിയിരുന്നുവെന്നും ആർ ഒ സി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തെറ്റായ വിവരം നൽകുക, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കമ്പനീസ് ആക്ട് സെക്ഷൻ 447, 448 അനുസരിച്ച് കമ്പനിക്ക് എതിരെ നടപടി എടുക്കാമെന്ന് റിപ്പോർട്ട് പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്ററുടെ ഒപ്പില്ലാതെ സമർപ്പിച്ചതിനും കമ്പനി നടപടി നേരിടേണ്ടി വരും.
സിഎംആര്‍എല്‍ കമ്പനി ദുരൂഹ സ്വഭാവമുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിൽ എക്‌സാലോജിക്കിന് 1.72 കോടി രൂപ സേവന പ്രതിഫലമായി നൽകിയതാണ് കേസിന്റെ തുടക്കം. 2017 മുതൽ 2020 വരെ ഈ തുക കൃത്യമായി കൈപ്പറ്റിയ എക്‌സാ ലോജിക് സിഎംആര്‍എലിനു കരാറിൽ സമ്മതിച്ചിരുന്ന സേവനങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നാണ് ആരോപണം. ഈ തുകയുടെ കൈമാറ്റം വിശദ അന്വേഷണത്തിന് വിധേയമാക്കണമെന്നും ഇതിനു പുറമെ വീണ വിജയൻ സി എം ആർ എല്ലിൽ നിന്ന് നേരിട്ട് കൈപ്പറ്റിയ ലക്ഷങ്ങളുടെ ഇടപാടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ശുപാർശയുണ്ട്. 2019ല്‍ ആദായ നികുതി നിയമത്തിലെ 132-ാം വകുപ്പ് പ്രകാരം നടന്ന പരിശോധനയുടെ സമയത്ത് സിഎംആര്‍എല്ലിലെ ജീവനക്കാര്‍ നല്‍കിയ പ്രസ്താവനയാണ് ആരോപണങ്ങളുടെ അടിസ്ഥാനം. ഈ വിവരം ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻറെ ഉത്തരവിലും ഇടംപിടിച്ചു.
എന്നാൽ എക്‌സാലോജിക്കിന്റെ വാദം കേൾക്കാതെ പുറപ്പെടുവിച്ച ഏകപക്ഷീയമായ ഉത്തരവായിരുന്നു ഇതെന്നാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിച്ചിരുന്നത്. ലഭിച്ച തുകയ്ക്ക് കൃത്യമായി നികുതി നൽകിയിട്ടുണ്ടെന്നും നികുതി അടച്ച പണം എങ്ങനെ കള്ളപ്പണം ആകുമെന്നും പിണറായി വിജയൻ തന്നെ മാധ്യമങ്ങളോട് ചോദിച്ചിരുന്നു.
തുടർന്ന് കർണാടക കമ്പനി റജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ രണ്ടു തവണ വീണ വിജയൻറെ മൊഴി എടുത്തിരുന്നു. എക്‌സാലോജിക് - സി എം ആർ എൽ കരാറിന്റെ പകർപ്പോ നൽകിയ സേവനങ്ങളുടെ വിശദാംശങ്ങളോ സമർപ്പിക്കാൻ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല. സി എം ആർ എൽ ഉദ്യോഗസ്ഥർക്കും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല.