KERALA

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിഷയങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തരുത്; വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയമടക്കമുള്ള കാര്യങ്ങളെ അധികരിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് പോലും ഇടമില്ലാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് പ്രധാന ആക്ഷേപം

വെബ് ഡെസ്ക്

കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന ചെയറുകളിലേക്കുളള മാര്‍ഗനിര്‍ദേശ ഉത്തരവും സിന്‍ഡിക്കേറ്റ് യോഗത്തിലെ വിയോജനകുറിപ്പ് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവും വിവാദത്തിലേക്ക്. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും നിഷേധിക്കുന്ന രണ്ട് ഉത്തരവുകളും സര്‍വകലാശാലയുടെ സ്വയംഭരണ അധികാരത്തിന് ചേരാത്തതാണെന്ന ആരോപണവുമായി അക്കാദമിക് രംഗത്തെ വിധഗ്ധരും പൊതു പ്രവര്‍ത്തകരും രംഗത്തെത്തി.

പൗരത്വ നിയമ ഭേദഗതി വിഷയത്തിലടക്കം എതിര്‍ ശബ്ദങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ പരിപാടികള്‍ നടന്നിരുന്നു. ഇത്തരം പരിപാടികള്‍ക്കുള്ള സ്വാതന്ത്ര്യം ഉത്തരവിലൂടെ ഇല്ലാതാകുമെന്നാണ് എതിര്‍ക്കുന്നവരുടെ ആശങ്ക.

അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് പഠന ചെയറുകളിലേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്ന ഉത്തരവ് സര്‍വകലാശാല പുറത്തിറങ്ങിയത്. ചെയറുകള്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ വിഷയങ്ങളും ക്ഷണിതാക്കളായി പങ്കെടുക്കുന്ന വിഷയ അവതാരകരുടെ പ്രഭാഷണങ്ങളും സര്‍വകലാശാലയുടെ പഠനതാത്പര്യം മാത്രം ഉയര്‍ത്തിപിടിച്ചാല്‍ പോരെന്നും ഇവ സര്‍വകലാശാലയുടെയും , യുജിസിയുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും നയങ്ങള്‍ക്ക് എതിരല്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

പ്രത്യക്ഷത്തില്‍ ഉത്തരവില്‍ പ്രശ്‌നമില്ലെന്ന് തോന്നാമെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയമടക്കമുള്ള കാര്യങ്ങളെ അധികരിച്ച് സ്വതന്ത്രമായ ചര്‍ച്ചകള്‍ക്കുപോലും ഇടമില്ലാത്ത സാഹചര്യം ഇതിലൂടെ ഉണ്ടാകുമെന്നാണ് പ്രധാന ആക്ഷേപം. പൗരത്വ നിയമ ഭേദഗതി വിഷയത്തിലടക്കം എതിര്‍ ശബ്ദങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ പരിപാടികള്‍ നടന്നിരുന്നു. ഇത്തരം പരിപാടികള്‍ക്കുള്ള സ്വാതന്ത്ര്യം ഉത്തരവിലൂടെ ഇല്ലാതാകുമെന്നാണ് എതിര്‍ക്കുന്നവരുടെ ആശങ്ക.

ഭിന്നാഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍വകലാശാലകള്‍ ചെയ്യേണ്ടത്. ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി
ഡോ. ആസാദ്

സ്വയംഭരണ അധികാരമുള്ള സര്‍വകലാശാലകള്‍ ഭരണകൂടങ്ങളുടെ നയങ്ങളെ പിന്തുണയ്ക്കുന്ന പ്രഭാഷണങ്ങളും പരിപാടികളും മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന തരത്തില്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ അക്കാദമിക് വിദഗ്ധരും പൊതുപ്രവര്‍ത്തകരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ഭിന്നാഭിപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍വകലാശാലകള്‍ ചെയ്യേണ്ടതെന്നും ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടിയെന്നും ഡോ. ആസാദ് 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. വിയോജിപ്പ് രേഖപ്പെടുത്താന്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ വേണമെന്നത് തീര്‍ത്തും ഫാസിസമാണെന്നും അക്കാദമിക് സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും ഭരണകൂട നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തവരാണ് ലോകത്തിലെ എല്ലാ ബുദ്ധിജീവി സമൂഹമെന്നും അദ്ദേഹം വ്യക്തമാക്കി. തല തിരിഞ്ഞ ഉത്തരവ് അടിയന്തിരമായി റദ്ദാക്കാന്‍ നടപടി വേണമെന്നും ഡോ. ആസാദ് കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷത്തിന്റെ അംഗീകാരം ഇല്ലെങ്കില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന അതിവിചിത്ര ഉത്തരവിനെതിരെ പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് ജൂണ്‍ ഒന്‍പതിനാണ് പുറത്ത് വന്നതാണ്. ഇതനുസരിച്ച് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും അനുകൂലിക്കുന്ന വിയോജനകുറിപ്പ് മാത്രമേ മിനിറ്റ്സില്‍ രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഭൂരിപക്ഷത്തിന്റെ അംഗീകാരം ഇല്ലെങ്കില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന അതിവിചിത്ര ഉത്തരവിനെതിരെ പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തീര്‍ത്തും ജനാധിപത്യ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണ് ഈ ഉത്തരവെന്ന് സിന്‍ഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഉത്തരവ് ഇറങ്ങിയ ശേഷമുള്ള സിന്‍ഡിക്കേറ്റ് യോഗത്തില്‍ വച്ച് ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ രാധാകൃഷ്ണ പിള്ളയെ പിരിച്ചുവിട്ടതിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയത് അംഗീകരിച്ചില്ലെന്നും, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജീനീയര്‍ക്ക് എതിരെ എടുത്ത അച്ചടക്ക നടപടിയിലുള്ള വിയോജനം രേഖപ്പെടുത്തിയതും അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും റഷീദ് അഹമ്മദ് വ്യക്തമാക്കി.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറടക്കം ഉത്തരവിനെ ന്യായീകരിച്ചുവെന്നാണ് പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. യൂണിവേഴ്‌സിറ്റി നിയമത്തിലെ സെക്ഷന്‍ 7(3) അനുസരിച്ച് ഈ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ജൂലൈ ആറിന് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ഉത്തരവിനെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ രണ്ട് വിഷയത്തിലും നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം ശക്തമായ പ്രതിഷേധ സമരം നടത്തുമെന്നും പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍