KERALA

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച: അജിത്കുമാർ എന്തിന് കണ്ടുവെന്ന് അന്വേഷണ സംഘത്തിനും അറിയില്ല

വെബ് ഡെസ്ക്

ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത നിലനിർത്തി ഉന്നതതല അന്വേഷണ റിപ്പോർട്ട്. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, റാം മാധവ് എന്നിവരെ കണ്ടത് സ്വകാര്യ ആവശ്യത്തിനാണോ മറ്റ് നേട്ടങ്ങൾക്കാണോയെന്ന കാര്യം ഉറപ്പാക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.

ആർഎസ്എസ് നേതാക്കൾക്കു വേണ്ടി മാത്രം സംഘടിപ്പിച്ച പരിപാടിയിലേക്കു ദത്താത്രേയ ഹൊസബലെയെ കാണാൻ ക്ഷണിക്കാതെയാണ് എഡിജിപി എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലയെ 2023 ഏപ്രിലിൽ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ വച്ചാണ് എഡിജിപി എം ആർ അജിത്കുമാർ കണ്ടത്. അക്കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്, സ്വകാര്യ കാറിൽ ആർഎസ്എസ് നേതാവ് ജയകുമാറുമായി യാത്ര ചെയ്തത് എന്തിനെന്ന കാര്യത്തിൽ അന്വേഷണസംഘത്തിനും വ്യക്തതയില്ല. അവിടെ നടന്ന ചർച്ചയുടെ ഉള്ളടക്കം നിർണയിക്കാനും സംഘത്തിനു സാധിച്ചിട്ടില്ല.

അതേപോലെ, ഔദ്യോഗികമായ നേട്ടങ്ങൾക്കുവേണ്ടിയാണ് ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതെന്ന ആരോപണത്തെ തള്ളുകയോ ശരിവെക്കുകയോ അന്വേഷണ സംഘം ചെയ്തിട്ടില്ല. ആർഎസ്എസ് നേതാക്കളെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനാണ് കണ്ടതെങ്കിൽ അഖിലേന്ത്യാ സർവിസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പോലീസ് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കാനും രാഷ്ട്രപതിയുടെ മെഡൽ കിട്ടാനും ലക്ഷ്യമിട്ടായിരുന്നു ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടതെന്നു ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതിനുള്ള തെളിവുകൾ ലഭിച്ചില്ലെന്നു റിപ്പോർട്ടിൽ പറഞ്ഞു. സന്ദർശത്തിന്റെ ലക്ഷ്യം അതല്ലെന്നതിനും തെളിവില്ല. സ്ഥാനക്കയറ്റും മെഡലും ലക്ഷ്യമിട്ടാണ് സന്ദർശനമെങ്കിൽ അത് സർവിസ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊതുപ്രസ്താവനകളാണെന്നും പലതിലും കഴമ്പില്ലെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ അൻവർ നൽകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അൻവർ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദന കേസുകളിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം