KERALA

ഷഹ്‌നയുടെ ആത്മഹത്യ: കുറ്റം തെളിഞ്ഞാല്‍ റുവൈസിന്റെ മെഡിക്കല്‍ ബിരുദം റദ്ദാക്കും, കോളേജിൽനിന്ന് പുറത്താക്കും

ഉമേഷ് ബാലകൃഷ്ണന്‍

ഡോ. ഷഹ്‌ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കുറ്റം തെളിഞ്ഞാല്‍ ഡോ. ഇ എ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കുമെന്നും പുറത്താക്കുമെന്നും ആരോഗ്യസര്‍വകലാശാല വൈസ് ചാൻസലർ. ഇക്കാര്യത്തിൽ, വിസ്മയ കേസിനുശേഷം വിദ്യാര്‍ഥികൾക്കിടയിൽ നിർബന്ധമാക്കിയ സത്യവാങ്മൂലം പ്രയോഗിക്കുമെന്ന് വി സി മോഹനന്‍ കുന്നുമ്മല്‍ ദി ഫോര്‍ത്തിനോട് പറഞ്ഞു.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ത്ഥികളില്‍നിന്ന് ഒപ്പിട്ടുവാങ്ങാൻ വിസ്മയ കേസിനെത്തുടർന്ന് ചാന്‍സലറായ ഗവര്‍ണറാണ് നിര്‍ദേശിച്ചത്. ഇത് എല്ലാ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാൻ രണ്ട് വര്‍ഷം മുന്‍പ് ആരോഗ്യ സര്‍വകലാശാല വി സി കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

നഴ്സിങ് വിദ്യാർഥികൾ മുതല്‍ മെഡിക്കല്‍ പിജി ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളില്‍ നിന്നും സത്യവാങ് മൂലം കോളേജുകൾ സ്വീകരിച്ചിരുന്നു. പുതുതായി അഡ്മിഷന്‍ എടുക്കുന്ന എല്ലാ വിദ്യാർഥികളും സത്യവാങ്മൂലം നൽകണമെന്നാണ് വ്യവസ്ഥ.

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്നും ഇത്തരം നടപടി ഉണ്ടായാല്‍ പഠനം പൂര്‍ത്തിയാക്കിയാലും സര്‍ട്ടിഫിക്കറ്റും ബിരുദവും റദ്ദാക്കാമെന്നും പഠന കാലയളവാണെങ്കില്‍ പഠനം അവസാനിപ്പിക്കുമെന്നുമാണ് സത്യവാങ്മൂലം.

ഇന്ന് പുലർച്ചെ പോലീസ് കസ്റ്റഡിയിലെടുത്ത റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി (അസ്ഥിരോഗ വിഭാഗം) മൂന്നാം വര്‍ഷ വിദ്യാർഥിയാണ് റുവൈസ്. റുവൈസിന്റെ ബിരുദം റദ്ദാക്കിയാല്‍ കേരളത്തിലെ സത്യവാങ്മൂലം നിർബന്ധമാക്കിയശേഷമുള്ള കേരളത്തിലെ ആദ്യ നടപടിയായിരിക്കും അത്. ഇത്തരത്തിലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിലൂടെ കഴിയുമെന്ന് വിസി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും